ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തെ തുടർന്ന് ഉണ്ടായ പ്രളയം വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ജിഎസ്‌ഐ (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) തീരുമാനിച്ചു. ഫിസിക്കൽ മാപ്പിംഗും സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗിച്ചാകും സംഘം മേഖലയിലെ സാഹചര്യം വിലയിരുത്തുക.
പ്രകൃതി നിർമിത ദുരന്തമായതിനാൽ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ പ്രയാസമാണെന്ന് ജി.എസ്.ഐ ഡയറക്‌ടർ ജനറൽ രഞ്ജിത് റത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രഥമദൃഷ്‌ട്യാ റിഷിഗംഗയിലെയും ദൗളിഗംഗയിലെയും ഉയർന്ന മേഖലകളിൽ ഉണ്ടായ മഞ്ഞിടിച്ചിലാണ് അപകടകാരണമെന്നും ജി.എസ്.ഐ ഡയറക്‌ടർ അറിയിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മേഖലയിൽ ഡാമുകളും റോഡുകളും പണിയാൻ നടപടി സ്വീകരിക്കുമെന്നും ജി.എസ്.ഐ ഡയറക്‌ടർ അറിയിച്ചു. പ്രളയത്തിൽ 11 പേരാണ് ഇതുവരെ മരിച്ചത്. 203 പേരെ കാണാതായിട്ടുണ്ട്.