ന്യൂഡൽഹി: ഹരിയാനയിലെ ജജ്ജറിലെ കൊവിഡ് 19 ആശുപത്രിയായ എയിംസിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ സന്ദർശനം നടത്തി. മെഡിക്കൽ സ്റ്റാഫുകളുമായി സംസാരിക്കുകയും കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. എയിംസിൽ ആവശ്യമായ പിപിഇ മെറ്റീരിയൽ ഉണ്ട്. എന്നാൽ ആവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവു എന്ന് അദ്ദേഹം നിർദേശം നൽകി. നേരത്തെ കാൻസർ രോഗികളെ ചികിത്സിച്ചിരുന്ന അഞ്ചാം നിലയാണ് ഇപ്പോൾ കൊവിഡ് 19 ബ്ലോക്ക്. കാൻസർ രോഗികളെ ഒന്നാം നിലയിലേക്ക് മാറ്റി. 40 സാധാരണ കിടക്കകളും 25 ഐസിയു സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ഏഴ് രോഗികളെ മാത്രമേ ഈ ബ്ലോക്കിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഇവരാരും ഐസിയുവിലോ വെന്‍റിലേറ്ററിലോ അല്ല. എല്ലാവരും വാർഡിലാണെന്ന് ഡോക്ടർമാർ കേന്ദ്ര മന്ത്രിയെ അറിയിച്ചു.
300 രോഗികളുടെ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ട്. ഇതിൽ 50 ശതമാനമാണ് ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. തബ്‌ലിഗി ജമാഅത്തിൽ പങ്കെടുത്ത 28 പേർക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തതായി ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം കുഴപ്പമില്ലാത്തവരെ ഡിസ്‌ചാര്‍ജ് ചെയ്യാമെന്ന് മന്ത്രി നിര്‍ദേശിച്ചു.