ന്യൂഡൽഹി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഫ്രീലാൻസ് ജേർണലിസ്റ്റ് രാജീവ് ശർമ, ചൈനീസ് വനിത ക്വിംങ് ഷി, നേപ്പാൾ പൗരൻ ഷേർ സിംഗ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ഹൈക്കോടതിയുടെതാണ് ഉത്തരവ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 61 കാരനായ ശർമയെ സെപ്റ്റംബർ 14 ന് ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പിറ്റാംപുരയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഒരു ലാപ്‌ടോപ്പ്, ഇന്ത്യൻ പ്രതിരോധവുമായി ബന്ധപ്പെട്ട ചില രഹസ്യ രേഖകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.
ശർമയുടെ റിമാൻഡിനിടെ ക്വിങിനെയും ഇവരുടെ നേപ്പാളിലെ പങ്കാളിയായ ഷേർ സിംഗ് എന്ന രാജ് ബോഹറയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിന് ഹവാല ഇടപാടുകൾ വഴി വലിയ തുക ഇവർ ശർമക്ക് നൽകിയതായി കണ്ടെത്തിയെന്ന് സ്പെഷ്യൽ സെൽ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു.
യുദ്ധ ആയുധങ്ങളുമായി ബന്ധപ്പെട്ട സെക്ഷൻ 3 (ഏതെങ്കിലും രേഖാചിത്രം, പദ്ധതി, മാതൃക, ലേഖനം, കുറിപ്പ്, പ്രമാണം അല്ലെങ്കിൽ വിവരങ്ങൾ കൈവശം വയ്ക്കുക), 4 (വിദേശ ഏജന്‍റുമാരുമായുള്ള ആശയവിനിമയം), 5 (വിവരങ്ങളുടെ തെറ്റായ ആശയവിനിമയം) തുടങ്ങിയവ പ്രകാരം സെപ്റ്റംബർ 13 ന് ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അടുത്ത ദിവസം ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചേദ്യംചെയ്യലിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചൈനയിലെ കുൻമിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്നും ഇവരിൽ നിന്നും വലിയ തുക കൈപറ്റിയതായും രാജീവ് ശർമ പറഞ്ഞതായി യാദവ് പറഞ്ഞു.