റാഞ്ചി: രാജ്യത്ത് തൊഴിലില്ലായ്‌മ അതിരൂക്ഷമായി വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്‍റെ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് യുവാവ് കൃഷിയിലേക്ക് ഇറങ്ങി തിരിച്ചത്. ഹസാരിബാഗ് സ്വദേശിയായ അമര്‍നാഥ് ദാസാണ് എസി മുറിയിൽ നിന്നും മണ്ണിലിറങ്ങിയത്. ബിഐടി മെസ്രയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ അമർനാഥ് 14 വര്‍ഷത്തോളമായി പല പ്രമുഖ കമ്പനികളിലും ജോലി ചെയ്‌തു വരികയായിരുന്നു. എന്നാല്‍ മണ്ണിനോടുള്ള അടുപ്പം അദ്ദേഹത്തെ വീണ്ടും സ്വന്തം ഗ്രാമത്തിൽ എത്തിച്ചു.
പിന്നീട് അദ്ദേഹം പോളി ഹൗസ് (പോളിത്തിലിന്‍ കൊണ്ട് സൂര്യപ്രകാശം മറയ്ക്കുന്നതിനായി ഉണ്ടാക്കുന്ന ഹരിത ഗൃഹം) അടിസ്ഥാനമാക്കിയുള്ള മണ്ണില്ലാത്ത കൃഷി (സോയില്‍ ലെസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി ചെയ്യാനും തന്‍റെ ഗ്രാമത്തിലെ കര്‍ഷകരെ സഹായിക്കാനും തുടങ്ങിയത്. മണ്ണിന് പകരം ചകിരി ചോറാണ് വിത്തുകള്‍ മുളപ്പിക്കാനായി അമര്‍നാഥ് ഉപയോഗിച്ചത്. ഈ രീതിയിലൂടെ 90 ശതമാനത്തിലധികം വിത്തുകളും മുളച്ച് ചെടികളായി മാറും. മാത്രമല്ല ഈ ചെടികള്‍ വൈറസില്‍ നിന്നും ബാക്‌ടീരിയയില്‍ നിന്നുമൊക്കെ മുക്തമായി വളരുകയും ചെയ്യും. അതിനാല്‍ കര്‍ഷകര്‍ക്ക് നല്ല വിളവ് ലഭിക്കുന്നു.
പുതിയ സംരംഭത്തിലൂടെ അമര്‍നാഥ് പ്രതിമാസം 75,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. ഇതിന്‍റെ ഗുണഫലങ്ങള്‍ മറ്റ് കര്‍ഷകര്‍ക്കും ലഭിക്കുന്നുണ്ട്. തന്‍റെ ഗ്രാമത്തിൽ ആദ്യമായാണ് ഒരു എഞ്ചിനീയര്‍ തന്‍റെ തൊഴില്‍ ഉപേക്ഷിക്കുകയും പുതിയ സാങ്കേതികവിദ്യയിലൂടെ കര്‍ഷകരെ സഹായിച്ച് ജീവിക്കുകയും ചെയ്യുന്നതെന്ന് ഗ്രാമ മുഖ്യന്‍ പറയുന്നു. തൊഴിൽതേടി അലയുന്നവർക്ക് അമര്‍നാഥ് വലിയൊരു പ്രചോദനമാണ്. അതോടൊപ്പം തന്നെ ഈ സാങ്കേതിക രീതിയെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തി മറ്റ് കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. കാര്‍ഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്ന പേരില്‍ ജാര്‍ഖണ്ഡ് ലോകം മുഴുവൻ അറിയപ്പെടണമെന്നാണ് അമര്‍നാഥ് ദാസിന്‍റെ ആഗ്രഹം.