റായ്‌പൂർ: ഛത്തീസ്ഗഡിൽ മൂന്ന് കാട്ടാനകൾ ചെരിഞ്ഞ സംഭവത്തിൽ മൂന്ന് വനം ഉദ്യോഗസ്ഥരെയും ഒരു ഗാർഡിനെയും സസ്പെൻഡ് ചെയ്തു. സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ എസ് ഖുട്ടിയ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽ സിംഗ്, ഡെപ്യൂട്ടി റേഞ്ചർ രാജേന്ദ്ര പ്രസാദ് തിവാരി, ഫോറസ്റ്റ് ഗാർഡ് ഭൂപേന്ദ്ര സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഡ്യൂട്ടി ഒഴിവാക്കി എന്നാരോപിച്ച് ബൽറാംപൂർ ജില്ലയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നോട്ടീസ് നൽകി. ജൂൺ 11നാണ് ബൽറാംപൂർ ജില്ലയിലെ രാജ്പൂർ വനമേഖലയിലെ ഗോപാൽപൂരിൽ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജൂൺ ഒൻപത്, 10 തീയതികളിൽ സൂരജ്പൂർ ജില്ലയിലെ പ്രാത്പൂർ വനമേഖലയിൽ മറ്റ് രണ്ട് ആനകളെയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ജൂൺ 11 ന് രാജ്പൂർ വനമേഖലയിൽ ചെരിഞ്ഞനിലയിൽ കണ്ടെത്തിയ ആന ജൂൺ ആറിനാണ് മരിച്ചത്. എന്നാൽ ആന ചെരിഞ്ഞ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ വനം ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
ഛത്തീസ്ഗഡ് സിവിൽ സർവീസസ് ചട്ടം മൂന്ന് പ്രകാരമാണ് സസ്‌പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ട് ബൽറാംപൂരിലെ വനംവകുപ്പ് ഡിഎഫ്‌ഒ പ്രണയ് മിശ്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആനകളുടെ മരണം അന്വേഷിക്കുന്നതിനായി റിട്ടയേഡ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സംസ്ഥാന വനം മന്ത്രി മുഹമ്മദ് അക്ബർ ഒരു പാനൽ രൂപീകരിച്ചു. ആനകളുടെ പോസ്റ്റ്മോർട്ടത്തിൽ ഒരാന ഹൃദയാഘാതം മൂലമാണ് ചെരിഞ്ഞതെന്നും മറ്റൊരാന ചെരിയാൻ കാരണം അണുബാധയാണെന്നും മന്ത്രി പറഞ്ഞു.