തമിഴ്‌നാട്: കൃഷ്ണഗിരിയില്‍ കീഴ് ജാതിയെന്നാരോപിച്ച് എ.എം.എം.കെ പാർട്ടി അംഗത്തിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞടുപ്പ് ഓഫീസർ നിരസിച്ചതായി പരാതി . കൃഷ്ണഗിരി ജില്ലയിലെ ഹോസൂരില്‍ നിന്നുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം അംഗം യെല്ലപ്പയുടെ പത്രികയാണ് നിരസിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യെല്ലപ്പാ മറ്റൊരു പഞ്ചായത്തില്‍ നിന്നുള്ള അംഗമായതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ പഞ്ചായത്തില്‍ നിന്നുള്ള രഘു യെല്ലപ്പയെ പിന്തുണച്ച് നാമനിർദ്ദേശ പത്രികയില്‍ ഒപ്പിട്ടു. തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി കാത്തിരുന്ന യെല്ലപ്പയ്ക്ക് തെരഞ്ഞെടുപ്പ് ഓഫീസർ ബാലാജിയുടെ നടപടി തിരിച്ചടിയായി.
നാമനിർദ്ദേശം നിരസിച്ചതിന്‍റെ കാരണം ആരാഞ്ഞപ്പോൾ കീഴ് ജാതിയിലുള്ള യെല്ലപ്പാ എന്ത് ധൈര്യത്തിലാണ് ഉയർന്ന ജാതിലില്‍പ്പെട്ട മത്സരാർഥിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ചോദിച്ചതായാണ് റിപ്പോർട്ട് . സംഭവത്തില്‍ പ്രതിഷേധമുണ്ടായെങ്കിലും പിന്നീട് പഞ്ചായത്തില്‍ നിന്നുള്ള എ.ഐ.എ.ഡി.എം.കെ പ്രവർത്തക ലാവന്യ മത്സരമില്ലാതെ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.