ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ എട്ട് പേർ വിഷം കഴിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. പ്രേമ, നാരായണൻ, തിമ്മമ്മ, ഉത്തരപ്പ, കരിയപ്പ, സിദ്ധേഷ്, ജയമ്മ, ഷൈല എന്നിവരാണ് വിഷം കഴിച്ചത്. സംഭവത്തിൽ 35കാരി ഷൈല മരിച്ചു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.
മദൂർ താലൂക്കിലെ കൊക്കരെ ബെല്ലൂർ സ്വദേശികളായ ശ്രീനിവാസ്, മാരങ്കയ്യ കുടുംബങ്ങൾ തമ്മിലുള്ള ഭൂമിതർക്കമുണ്ടായിരുന്നു. ഒരു കുടുംബം വിഷം കഴിച്ചപ്പോൾ അതിൽ പരിഭ്രാന്തരായ രണ്ടാമത്തെ കുടുംബവും വിഷം കഴിക്കുകയായിരുന്നു. എട്ടുപേരും മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കുമ്പോഴാണ് ഷൈല മരിച്ചത്. മദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.