പ്രാഥമിക, ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പുതിയ വിദ്യാഭ്യാസ നയം 2020 അതിന്‍റെ സ്വഭാവത്തില്‍ സമൂലമായ രൂപ പരിണാമം വരുത്തുന്ന ഒന്നാണ്. എന്നാൽ ഭാവിയില്‍ കൊവിഡ് പോലുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള ഒന്നും തന്നെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇല്ല. നമ്മുടെ സ്‌കൂളുകളെ ഭാവിയില്‍ കൊവിഡ് പോലുള്ള ഒരു പ്രതിസന്ധി നേരിടുന്നതിന് എങ്ങനെ തയ്യാറെടുപ്പിക്കണം എന്നുള്ള കാര്യവും ഈ നയത്തില്‍ പറയുന്നില്ലെന്ന് ഇന്ത്യയിലെ സേവ് ദ ചില്‍ഡ്രൻ വിദ്യാഭ്യാസ മേധാവിയായ കമല്‍ ഗൗർ പറഞ്ഞു.
പത്ത്, പ്ലസ്‌ടു ഘടനയില്‍ നിന്നും പുതിയ 15 വര്‍ഷത്തെ വ്യവസ്ഥയിലേക്കുള്ള മാറ്റം കൊണ്ടുമാത്രം രാജ്യത്ത് വിദ്യാഭ്യാസ രീതികള്‍ മാറ്റി മറിക്കുവാന്‍ കഴിയുമോ?
ഈ നയത്തിന്‍റെ ഉദ്ദേശം മാത്രമാണ് നോക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് പ്രാഥമികവും ഉന്നതവുമായ വിദ്യാഭ്യാസ മേഖലകളെ ഒരുപോലെ രൂപാന്തരപ്പെടുത്തുന്ന ഒന്നാണ്. അത് വിശാലമായ മേഖലകളെയും പുതിയ മേഖലകളെയും പരിഗണിച്ചിട്ടുണ്ട്. അതുപോലെ തന്നെ നേരത്തെയുള്ള അറിവ് നേടലും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. അടിസ്ഥാനമായ അറിവുകൾ നേടുന്നതിൽ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് നമ്മെ സംബന്ധിച്ചിടത്തോളം അത് മഹത്തായ ഒന്നാണ്. അതിനൊക്കെ വേണ്ടിയായിരുന്നല്ലോ നമ്മള്‍ പോരാടിയിരുന്നത്. പക്ഷെ ചില കാര്യങ്ങള്‍ അതില്‍ കാണുന്നില്ല. ഉദാഹരണത്തിന് എങ്ങനെ നമ്മള്‍ ഈ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിക്കും എന്നുള്ള കാര്യം വ്യക്തമായി പറയുന്നില്ല. നമ്മള്‍ 100 ശതമാനം വിദ്യാഭ്യാസം എല്ലാവര്‍ക്കും നൽകുന്നുണ്ടെന്ന് പറയുന്നുണ്ട്. പക്ഷെ അതിലേക്കുള്ള ആസൂത്രണവും വഴികളുമൊന്നും കാണുന്നില്ല.
ചില വിമര്‍ശകര്‍ വാദിക്കുന്നത് സ്വാഭാവികമായ എണ്ണങ്ങള്‍ ഒന്നിൽ നിന്നും ആരംഭിക്കുന്നു എന്നാണ്. അതിനാല്‍ സ്‌കൂള്‍ സമ്പ്രദായം ഒന്നാം ക്ലാസില്‍ നിന്നും ആരംഭിക്കണം. പക്ഷെ തയ്യാറെടുപ്പ് വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ സ്‌കൂളുകള്‍ തയ്യാറെടുപ്പ്, കിന്‍റർ ഗാര്‍ഡൻ സമ്പ്രദായങ്ങള്‍ ആരംഭിച്ചു.
ഞങ്ങള്‍ സേവ് ദ ചില്‍ഡ്രനിലുള്ളവരും മറ്റ് നിരവധി വിദ്യാഭ്യാസ വിദഗ്‌ധരും, പങ്കാളികളുമൊക്കെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായവുമായി വളരെ നേരത്തെ തന്നെയുള്ള അറിവ് നൽകുന്നതിനെ യോജിപ്പിക്കുന്നത് നല്ലൊരു നീക്കമാണെന്ന് കരുതുന്നവരാണ്. കാരണം അത് സ്‌കൂളിൽ പോകാനായി കുട്ടികളെ കൂടുതല്‍ നന്നായി തയ്യാറെടുപ്പിക്കുന്നു എന്നുള്ളതാണ്. സ്‌കൂളിൽ പോകാന്‍ തയ്യാറാകുക എന്നുള്ളതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഒരു മുഖ്യ മേഖല. അങ്കണവാടി, പ്രീ സ്‌കൂള്‍ ആശയങ്ങള്‍ മൊത്തത്തില്‍ തന്നെ കുട്ടികളെ സ്‌കൂളില്‍ പഠിക്കുവാന്‍ വേണ്ടി തയ്യാറെടുപ്പിക്കുക എന്നുള്ളതാണ്.
മറ്റൊരു ചോദ്യം ഉയരുന്നത് സ്‌കൂളുകളും അതിന്‍റെ വ്യവസ്ഥയും ഈ കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറാണോ എന്നുള്ള കാര്യമാണ്. കാരണം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ്. അത് സ്വതന്ത്രവും സ്വാഭാവികമായ ജൈവ രീതിയില്‍ ഉള്ളതുമായ സംവിധാനമാണോയെന്നും, നല്ല പരിപാലനം ഇവിടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടോ എന്നുമൊക്കെ ചോദിക്കേണ്ടി വരും. 10 x 10 ചതുരശ്ര അടി മുറിയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടി കൂറ്റന്‍ കെട്ടിടവും, കൂറ്റന്‍ ഗേറ്റുമെല്ലാമുള്ള ഒരു സ്‌കൂളിലെത്തുമ്പോള്‍ അവിടെ അധ്യാപകര്‍ അവരോട് അകലം പാലിച്ചാല്‍ അതൊരു പ്രശ്‌നമായി തീരും.
അടിസ്ഥാന വിദ്യാഭ്യാസത്തെ കുറിച്ചും സംഖ്യാഗണിത അറിവിനെ കുറിച്ചും നയം പറയുന്നുണ്ട്. വായന, എഴുത്ത്, അടിസ്ഥാന ഗണിതം എന്നിവ വളരെ പ്രധാനപ്പെട്ട നൈപുണ്യങ്ങളാണെന്നും ഒരു കുട്ടിക്ക് അവയെല്ലാം സ്വായത്തമായാല്‍ അവന് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ചില വിദഗ്‌ധർ പറയുന്നത്. അടിസ്ഥാനപരമായ അറിവാര്‍ജ്ജിക്കലിനെ കുറിച്ച് വിശദമാക്കാന്‍ താങ്കള്‍ക്ക് കഴിയുമോ ?
പ്രീ സ്‌കൂളിന്‍റെ ഒരു അനുബന്ധമാണ് അടിസ്ഥാനപരമായ അറിവ് നേടൽ. അറിവാര്‍ജ്ജിക്കലിനുള്ള രീതികളും പ്രാവര്‍ത്തിക പദ്ധതികളുമാണ് ഇവിടെ നിങ്ങള്‍ പഠിപ്പിക്കുന്നത്. വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊന്നും പ്രീ സ്‌കൂളില്‍ പറയാറില്ല. ഗണിത ശാസ്‌ത്രത്തില്‍ വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന സാക്ഷരതയുടെ ഒരു അനുബന്ധമായി വേണം അടിസ്ഥാനപരമായ അറിവാര്‍ജ്ജിക്കലിനെ ഉള്‍പ്പെടുത്തേണ്ടത്. സേവ് ദ ചില്‍ഡ്രന്‍ ഇക്കാര്യവും ഉന്നയിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന ഗണിത ശാസ്‌ത്ര സാക്ഷരതയുടെ അടിസ്ഥാനത്തിലുള്ള അറിവാര്‍ജ്ജിക്കാന്‍ തയ്യാറായ പൊതു സമീപനങ്ങള്‍ എന്നാണ് ഞങ്ങള്‍ അതിനെ വിളിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ഞങ്ങള്‍ അതിനു വേണ്ടി വാദിച്ചു കൊണ്ടിരിന്നു. അതിന് വേണ്ടി പോരാടുന്നവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാഗതാര്‍ഹമായ മാറ്റമാണ്.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം, ശ്രദ്ധയൂന്നുന്നതിന്‍റെ പേരിലും കാണാപാഠം പഠിക്കുന്നതിന്‍റെ പേരിലും ഏറെ വിമര്‍ശനം നേരിടുന്ന ഒന്നാണ്. അതേ സമയം മറ്റ് വികസിത രാജ്യങ്ങളില്‍ ക്രിയാത്മകമായ ചിന്തകള്‍ക്കും പഠിപ്പിച്ച കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ കുട്ടികള്‍ക്ക് കഴിവ് ഉണ്ടാകുന്നതിലുമൊക്കെയാണ് ശ്രദ്ധയൂന്നുന്നത്. നമ്മുടെ പുതിയ നയത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
അതിനെ ഗണിത ശാസ്‌ത്രത്തിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന സാക്ഷരത എന്ന് വിളിക്കുന്നു. ഇവിടെ നിങ്ങള്‍ നൈപുണ്യം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. അതിന്‍റെ ഉദ്ദേശശുദ്ധി നല്ലതു തന്നെ. പക്ഷെ അവിടെയും എനിക്ക് ചോദിക്കാനുള്ളത് അതിനുവേണ്ട മുതല്‍ മുടക്കുകൾ എവിടെ?, അതിനാവശ്യമായ പണം എവിടെ? നമ്മള്‍ സാങ്കേതിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകളെ നിരീക്ഷിക്കുന്നതിനെ കുറിച്ചും നിയന്ത്രിക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്. സൈദ്ധാന്തികമായി നോക്കിയാല്‍ അതൊക്കെ നല്ലതാണെന്ന് തോന്നും. പക്ഷെ പ്രാവര്‍ത്തിക തലത്തില്‍ അത് എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് നമ്മള്‍ കാത്തിരുന്നു കാണേണ്ടതുണ്ട്.
അധ്യാപകരുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഏറെ ഊന്നല്‍ നല്‍കി കാണുന്നുണ്ട്. രണ്ട് വര്‍ഷത്തെ ബി.എഡ് ബിരുദം ഇനി നാല് വര്‍ഷത്തെ ബിരുദമായി മാറുകയാണ്. ഇതൊരു നല്ല നീക്കമാണോ?
അത് വളരെ പ്രധാനമാണ്. മുമ്പ് ഉണ്ടായിരുന്ന നയത്തിന്‍റെ സമയത്തും അധ്യാപകരുടെ തൊഴില്‍ സംബന്ധമായ നിരന്തര വികാസത്തെ കുറിച്ച് നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ എത്ര അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം ലഭിക്കുന്നുണ്ട്? വെറും 14-15 ശതമാനത്തിന് മാത്രം. അധ്യാപകരുടെ വിദ്യാഭ്യാസത്തിന് നല്‍കുന്ന ഊന്നല്‍ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം സ്‌കൂള്‍ തലത്തില്‍ നല്‍കുന്നത് ഉറപ്പാക്കുമെന്ന് ഞാന്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഈ നീക്കം വളരെയധികം അഭിലാഷ പൂർണമാണെന്നും നമ്മുടെ ബജറ്റ് അതേക്കുറിച്ച് സംസാരിക്കണമെന്നും ഞാന്‍ കരുതുന്നു.
എ.എസ്.ഇ.ആര്‍, എന്‍.എ.എസ് സർവേകള്‍ ഒരുപോലെ ഒരു കുട്ടിയുടെ ക്ലാസിനും നേടിയ അറിവിനും ഇടയില്‍ വന്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കാട്ടിത്തന്നു. ക്ലാസിന് അനുയോജ്യമായ തരത്തിലുള്ള അറിവ് കുട്ടിക്കില്ല. ഈ നയം ഇത്തരം അസന്തുലിതാവസ്ഥ പരിഹരിക്കുമോ?
ഉദ്ദേശം ശരിയാണ്. രേഖയും ശരിയാണ്, പക്ഷെ അതിലേക്കുള്ള വഴി കാണുന്നില്ല. അതിലായിരിക്കണം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എങ്ങനെ നമ്മള്‍ ഇത് നടപ്പില്‍ വരുത്തും? കാരണം ഒരുപാട് മൂലധനം ആവശ്യമായി വരുന്ന തരത്തില്‍ പുതിയ മേഖലകള്‍ ഉള്‍പ്പെടുത്തുകയും സാങ്കേതിക വിദ്യയെ കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഈ നയം. ഈ നയത്തില്‍ കൊവിഡ് പശ്ചാത്തലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നു. കാരണം കൊവിഡ് മൂലം നമ്മള്‍ ഒരുപാട് വര്‍ഷങ്ങള്‍ പുറകോട്ട് പോയിക്കഴിഞ്ഞു. കൊവിഡിന്‍റെ പ്രത്യാഘാതങ്ങളുമായി നമ്മള്‍ എങ്ങനെ സമരസപ്പെട്ടു പോകും എന്നതിനെ കുറിച്ചുള്ള ചില ആസൂത്രണങ്ങള്‍ ഈ നയത്തില്‍ വേണമായിരുന്നു. പക്ഷെ അതുണ്ടായില്ല.
സ്‌കൂളുകളിലെ സുരക്ഷയും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിനെ കുറിച്ചുമൊന്നും ഈ നയത്തില്‍ പറയുന്നേയില്ല. ഇന്ന് കൊവിഡാണെങ്കില്‍ നാളെ അത് സാര്‍സോ അല്ലെങ്കില്‍ എച്ച്-5 എന്‍-1 അല്ലെങ്കില്‍ മറ്റേതെങ്കിലും മഹാ ദുരന്തമോ ഒക്കെ ആയിരിക്കും ഉണ്ടാവുക. എവിടെ അതിനനുസരിച്ചുള്ള ആസൂത്രണങ്ങള്‍? നമ്മുടെ സ്‌കൂളുകളെ കൂടുതല്‍ കഴിവുള്ളതാക്കി മാറ്റുവാന്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? അടിയന്തര ഘട്ടങ്ങളില്‍ ഒരു ദിനം പോലും നഷ്‌ടപ്പെടാതെ അറിവാര്‍ജ്ജിക്കല്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് നമ്മള്‍ നിർദേശിക്കുന്നു. പക്ഷെ നമ്മുടെ നയത്തില്‍ എവിടെയാണ് അടിയന്തരാവസ്ഥ പശ്ചാത്തലത്തിലുള്ള ആസൂത്രണങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്?
മുതല്‍ മുടക്കുകള്‍ ഇല്ല എന്നതിനെ കുറിച്ച് താങ്കള്‍ പറയുകയുണ്ടായല്ലോ. ലൈസന്‍സ് രാജ് സമ്പ്രദായം പൂർണമായും ഇല്ലാതാകേണ്ടതുണ്ടോ? വിദ്യാഭ്യാസ മേഖലയില്‍ ആര്‍ക്കും കടന്നു വന്ന് മുതല്‍ മുടക്കാം എന്നുള്ള ഒരു അവസ്ഥ സംജാതമാക്കേണ്ടതുണ്ടോ?
അത് സംസ്ഥാനങ്ങളുടെ അല്ലെങ്കില്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഓരോ സര്‍ക്കാരുകളും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. മുതല്‍ മുടക്ക് കൊണ്ടു വരിക എന്ന ആശയത്തിന് എതിരല്ല ഞാന്‍. പക്ഷെ ഏത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അത് പാലിച്ചേ മതിയാകൂ. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്‍റെ മുതല്‍ മുടക്കിന് വേണ്ടിയാണ് ഞാന്‍ വാദിക്കുക. അതുപോലെ സ്വകാര്യ മേഖലയെ മികച്ച രീതിയില്‍ ഉള്ള മാർഗ നിർദേശങ്ങളിലൂടെ നിയന്ത്രിക്കുകയും വേണം. അത് ഫീസിന്‍റെ കാര്യത്തിലായാലും, സ്വകാര്യ സ്‌കൂളുകളില്‍ ദരിദ്ര വിഭാഗങ്ങള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന കാര്യത്തിലായാലും ഒരുപോലെയാണ്. വിദ്യാഭ്യാസ അവകാശം (ആര്‍ടിഇ) എന്ന മൊത്തം ആശയം തന്നെ ഈ നയത്തില്‍ എവിടേയും കാണുന്നില്ല.
ഈ നയം ഏതെങ്കിലും ചില കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാർഥികള്‍ക്കായി വിവിധ ഘട്ടങ്ങളിലെ പുറത്തു പോകല്‍ വഴി ഒരുക്കുന്നുണ്ട്. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു?
അത് വളരെ സഹായകരമാവാന്‍ പോവുകയാണ്. ഒരു അവസരം അല്ലെങ്കില്‍ പഠന വിഷയം തെരഞ്ഞെടുക്കാനുള്ള പോംവഴികള്‍ നല്‍കുക എന്ന ആശയം വളരെ പ്രധാനമാണ്. സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ ശാസ്‌ത്രം പഠിക്കുന്ന ഒരു വിദ്യാർഥിക്ക് ഒരു കലാ വിഷയവും തെരഞ്ഞെടുക്കാം. അത് ഒരു നല്ല നീക്കം തന്നെയാണ്. കുട്ടികള്‍ ആഗോള രീതിയില്‍ എങ്ങനെ പഠിക്കുന്നു എന്നതിലേക്ക് നമ്മളെ സ്വയം ചേര്‍ക്കുന്ന ഒരു രീതിയാണിത്.