ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ്. മാവോയിസ്റ്റ് ഏരിയ കമാന്‍ഡന്‍റ് മുസാഫിര്‍ സാഹിനി, അനില്‍ റാം എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കേസുകള്‍ ഇവരുടെ പേരില്‍ ചാര്‍ത്തിയിട്ടുണ്ട്. ബിഹാറിലെ പാട്ന പ്രത്യേക കോടതിയിലാണ് ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്.
ബിഹാര്‍ - ജര്‍ഖണ്ഡ് ഏരിയ കമ്മിറ്റിയുടെ കമാന്‍ഡന്‍റുമാരാണ് സാഹിനിയും റാമും. ഇവരുടെയും കൈവശമുള്ള വൈശാലിയിലെ 11 സ്ഥലങ്ങള്‍, ബാങ്ക് അകൗണ്ടുകള്‍, മുസാഫര്‍പൂരില്‍ വാങ്ങിയ രണ്ട് സ്ഥലങ്ങള്‍, ലഖ്നൗരിയില്‍ വാങ്ങിയ മൂന്ന് സ്ഥലങ്ങള്‍, പണം, ട്രക്ക്, മോട്ടോര്‍ സൈക്കിള്‍ എന്നിവ വാങ്ങാനായി മുന്‍കൂറായി കൊടുത്ത 54.14 ലക്ഷം രൂപ എന്നിവ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാവോയിസ്റ്റ് സംഘം കൊള്ളയടിക്കുന്ന പണം സ്വന്ത് സമ്പാദനത്തിനായി ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമത്തിന്‍റെ കണ്ണ് വെട്ടിക്കാനായി പല പേരുകളിലാണ് ഇവര്‍ സ്വത്തുക്കള്‍ വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് കൂടാതെ കൊലപാതകം, മോഷണം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.