ജയ്‌പൂര്‍: രാജസ്ഥാനില്‍ വെട്ടുക്കിളി ശല്യം തടയാന്‍ ഡ്രോണ്‍ പരീക്ഷണം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെട്ടുക്കിളി ശല്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലായതോടെയാണ് ഭരണകൂടത്തിന്‍റെ പുതിയ നടപടി. പത്ത് ലിറ്റര്‍ രാസവസ്‌തുക്കള്‍ വരെ ഡ്രോണുകളില്‍ നിറക്കാം. വെട്ടുക്കിളി ശല്യം രൂക്ഷമായ ഇടങ്ങളില്‍ മരുന്നു തളിക്കാനാണ് പദ്ധതി. ഇത്തരത്തില്‍ ഒരു പരിധിവരെ വെട്ടുക്കിളി ശല്യം കുറക്കാമെന്നാണ് കൃഷി വകുപ്പിന്‍റെ വിലയിരുത്തല്‍. 30 ഡ്രോണുകളാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെട്ടുക്കിളി ശല്യം രൂക്ഷമായുള്ളത്. ഇത് മൂലം നിരവധി വിളകള്‍ നശിച്ചു. കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. യുകെയിൽ നിന്ന് 15 സ്‌പ്രേയറുകൾ വാങ്ങുമെന്നും വെട്ടുക്കിളി നിയന്ത്രണ പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.