ന്യൂഡൽഹി: അഞ്ചാം ചരമവാർഷിക ദിനത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന് ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി ആദരാഞ്ജലി അർപ്പിച്ചു. ഡിആർഡിഒ ഭവനിൽ നടന്ന പരിപാടിയിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. രാവിലെ മുതൽ വിവിധ രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും ഡോ. കലാമിന് സ്മരണാഞ്ജലി അർപ്പിച്ചിരുന്നു.
ബുദ്ധിയുടെയും വിവേകത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന് ആദരാഞ്ജലികൾ. ശാസ്ത്രം മുതൽ രാഷ്ട്രീയം വരെയുള്ള നിരവധി മേഖലകളിൽ മായാത്ത അടയാളങ്ങൾ അവശേഷിപ്പിച്ച ഒരു ജനതയുടെ രാഷ്ട്രപതി എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്.
രാജ്യത്തെ പ്രമുഖ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഡോ. കലാം 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നാണ് അറിയപ്പെടുന്നത്. 2002 ജൂലൈ 25 നും 2007 ജൂലൈ 25 നും ഇടയിൽ ഇന്ത്യയുടെ പ്രസിഡന്‍റായിരുന്നു. 2015 ജൂലൈ 27ന് 83-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.