ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് ഇതുവരേയും തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ തീരുമാനമായാൽ എല്ലാവരേയും കൃത്യമായി അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ന്യൂഡൽഹിൽ പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടുന്നതായി സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അഗർവാൾ നിഷേധിച്ചു. അതേസമയം, കൊവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണ പദ്ധതിയെ കുറിച്ചുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ടെന്ന് ലാവ് അഗർവാൾ പറഞ്ഞു.
കൊവിഡ് കെയർ സെന്‍ററുകൾ, കോവിഡ് ഹെൽത്ത് സെന്‍റർ, കൊവിഡ് ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന കൊവിഡ് രോഗികളുടെ ചികിത്സയെ ആരോഗ്യ മന്ത്രാലയം മൂന്ന് വ്യത്യസ്ത തലങ്ങളായി തരംതിരിച്ചിട്ടുണ്ട്. സംശയാസ്പദമായ ലക്ഷണങ്ങളുള്ള ആളുകൾക്ക് കൊവിഡ് കെയർ സെന്‍ററുകളില്‍ ചികിത്സ നൽകും, ഗുരുതര രോഗ ബാധയുള്ളവരെ സമർപ്പിത കൊവിഡ് ഹെൽത്ത് കെയർ സെന്‍ററിൽ ചികിത്സിക്കും. ഇന്ത്യയിലുടനീളം വർധിച്ചുവരുന്ന കൊവിഡ് കേസുകളെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 354 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം 4421 പോസിറ്റീവ് കേസുകളും 117 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.