ചെന്നൈ: തമിഴ്‌നാട്ടിലെ വേപേരിയില്‍ പശുവിന്‍റെ വയറ്റില്‍ നിന്നും ശസ്‌ത്രകിയയിലൂടെ 52 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തെടുത്തു. തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്‌ടര്‍മാരാണ് അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയക്ക് ശേഷം പ്ലാസ്റ്റിക് പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭക്ഷണമാണെന്ന് കരുതി കഴിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പശുവിന്‍റെ വയറ്റില്‍ അടിഞ്ഞുകൂടിയതാകാമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ നാണയം, ആണി തുടങ്ങിയവയും ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു.
ആറ് മാസം ഗര്‍ഭിണിയായിരിക്കെ വാങ്ങിയ പശു 20 ദിവസം മുമ്പ് പ്രസവിച്ചുവെന്നും എന്നാല്‍ പാല്‍ നല്‍കുന്നതിലും മറ്റും പശു അസ്വാരസ്യം പ്രകടിപ്പിച്ചതിനാല്‍ നാട്ടിലെ മൃഗഡോക്‌ടറെ സമീപിക്കുകയായിരുന്നുവെന്നും പശുവിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു. പിന്നീട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് പശുവിന്‍റെ വയറ്റിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെടുക്കുന്നത്.