ഭോപ്പാല്‍: പൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന ഒന്നരവയസുകാരി ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. അന്‍ഷിക അഹിര്‍വാറെന്ന ഒന്നരവയസുകാരിയുടെ ശരീരത്തിൽ തിളച്ചവെള്ളം വീണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കുട്ടിയെ ബുണ്ടേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ കുട്ടിയെ ചികിത്സിക്കാനോ വെൻ്റിലേറ്റര്‍ സൗകര്യം ഒരുക്കാനോ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ. ജ്യോതി റൗത്ത് ആശുപത്രിയിലെ വെൻ്റിലേറ്റര്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വീട്ടുകാർ തന്നെ വെൻ്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നുമാണ് മാതാപിതാക്കളോട് പറഞ്ഞത്. ഇതിനിടെ ചികിത്സ കിട്ടാതെ അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.
ഡോക്ടറും കുട്ടിയുടെ ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെ ഡോ. ജ്യോതി റൗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഡോക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ജി.എസ്. പട്ടേല്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ 17 വെൻ്റിലേറ്ററുകളാണ് നിലവിലുള്ളതെന്നും എന്നാല്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന വിഭാഗത്തില്‍ വെൻ്റിലേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ഡോ. ജി.എസ്. പട്ടേല്‍ വിശദീകരിച്ചു. രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതിനാണ് ഡോ. ജ്യോതി റൗത്തിനെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.