മുംബൈ: മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ 2,347 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 291 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,815 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാവിയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ആദ്യം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശമായിരുന്നു ധാരാവി. ദാദർ, മഹിം പ്രദേശങ്ങളേക്കാൾ കൂടുതല്‍ കേസുകൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്നുള്ള ഫലപ്രദമായ കൊവിഡ് പ്രതിരോധത്തിലൂടെ ധാരാവിയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, 6.5 ലക്ഷം ജനങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി.