ന്യൂഡൽഹി: ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങളെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി വിസി മാമിദാല ജഗദീഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. എന്നാല്‍ രാജി ആവശ്യത്തെ വിസി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിസി ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്സിറ്റിയിലെ ഭൂരിഭാഗം ഫാക്കല്‍റ്റി അംഗങ്ങളും തങ്ങളുടെ ജോലിയോട് പ്രതിജ്ഞാബദ്ധമാണെന്നും ചെറിയ ഒരു വിഭാഗം മാത്രമാണ് യൂണിവേഴ്സിറ്റിക്ക് അപമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ഭരണത്തിന് ചില കീഴ്വഴക്കങ്ങളൊക്കെയുണ്ട്. വിദ്യാര്‍ഥികള്‍ അതിനെ എതിര്‍ക്കുന്നത് ശരിയല്ല.
വിദ്യാര്‍ഥികളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് വ്യക്തമായി യൂണിവേഴ്സിറ്റിക്ക് ബോധ്യമുണ്ടെന്ന് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിസി പ്രതികരിച്ചു. വെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങൾ ഞങ്ങളുടെ ആഭ്യന്തര ചെലവുകൾക്ക് കീഴിലാകുമെന്ന് യുജിസി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയും ചെലവുകൾ വഹിക്കാൻ എംഎച്ച്ആർഡി യുജിസിയോട് ആവശ്യപ്പെടുകയും ചെയ്തു. യൂട്ടിലിറ്റി, സേവന നിരക്കുകൾ പോലും കുറച്ചു. സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസ് 300 രൂപയിൽ നിന്ന് 150 രൂപ മാത്രമാണ് അടക്കേണ്ടി വരുന്നത്.
ഞാന്‍ എന്‍റെ ജോലി തുടരും: ഞങ്ങൾ വളരെയധികം ഇളവ് കാണിച്ചിട്ടുണ്ടെങ്കിലും, കുറച്ച് വിദ്യാർഥികൾ മറ്റുള്ളവരെ അവരുടെ ജോലി തുടരുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചു. ഇത് ശരിയല്ല, സർവകലാശാലയുടെ പ്രവർത്തനം തടയാൻ അവർക്ക് അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍റെ ജോലി ചെയ്യുന്നത് തുടരും. ജെഎൻയു വാർത്താ ചാനലുകളിൽ നിറയാന്‍ താൻ ആഗ്രഹിക്കുന്നില്ല. ലോകത്തിലെ മികച്ച 100 സ്ഥാപനങ്ങളിൽ ജെഎന്‍യു സ്ഥാനം ഉറപ്പിക്കണമെന്നാണ് തന്‍റെ ആഗ്രഹം. ഞങ്ങൾക്ക് ഒരു വിവാദവും ആവശ്യമില്ല. കുറച്ച് വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും മാത്രമാണ് ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ച് യൂണിവേഴ്സിറ്റിക്ക് പുറത്ത് ധര്‍ണ നടത്തുന്നത്.
2016ൽ യൂണിവേഴ്സിറ്റിയുടെ വിസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തിയതില്‍ കുറച്ചുപേര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യത്തിന് മൂല്യമില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. അവരുടെ ആവശ്യം അവരുടെ അവകാശമാണ്. പക്ഷേ ഞാൻ എന്‍റെ ജോലി തുടരും. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും ആറിനും ഇടയിൽ അപ്പോയിന്‍മെന്‍റ് ഇല്ലാതെ ഏത് വിദ്യാർഥിക്കും എന്‍റെ ഓഫീസിലേക്ക് വരാം. രണ്ടാമത്തെ തിങ്കളാഴ്ച ഫാക്കൽറ്റി അംഗങ്ങൾക്കും മൂന്നാമത്തെ തിങ്കളാഴ്ച ജീവനക്കാർക്കും എന്നെ കാണാം.
മുഖംമൂടി ധരിച്ച ആളുകളാണ് ഡാറ്റാ സെന്‍റര്‍ നശിപ്പിച്ചത്: ജനുവരി മൂന്നിന് മുഖംമൂടി ധരിച്ച ചിലർ ഡാറ്റാ സെന്‍റര്‍ നശിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് കേസ് അന്വേഷണം പൂർത്തിയാക്കിയതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളൂ. എനിക്ക് അധികാരമുണ്ടെന്ന് കരുതി എപ്പോഴും പൊലീസിനെ വിളിച്ചു വരുത്താന്‍ കഴിയില്ല. ജനുവരി അഞ്ചിന് പൊലീസിനെ വിളിക്കാന്‍ കാലതാമസം നേരിട്ടുവെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു വിസി. അക്രമം അറിഞ്ഞയുടന്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ വിശദമായി പറയുകയും ചെയ്തിരുന്നു. അക്രമത്തെക്കുറിച്ച് അറിഞ്ഞയുടനെ ഞാൻ ഞങ്ങളുടെ സുരക്ഷാ ഗാർഡുകളെ സ്ഥലത്തേക്ക് അയച്ചു. അപ്പോഴേക്കും അവിടെ എത്തിച്ചേര്‍ന്ന ഗുണ്ടകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസിലായി. ഉടന്‍ തന്നെ ഞാന്‍ ഡിസിപിയെയും കമ്മീഷണറെയും അറിയിച്ചു. സാഹചര്യം നോക്കിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തമായി ഒരു തീരുമാനം എടുക്കാനാകൂ. ഞങ്ങളുടെ സ്വന്തം സുരക്ഷ ഉപയോഗിച്ച് ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നാണ് ആദ്യം ശ്രമിക്കുക. അതിലും നില്‍ക്കുന്നില്ലെങ്കില്‍ മാത്രമേ പൊലീസിനെ വിളിക്കണമോ എന്ന കാര്യം ചിന്തിക്കൂ.
സർവകലാശാലയുടെ പുരോഗതിക്കായി ക്രിയാത്മകമായി പ്രവർത്തിക്കുന്നു: 2016 ൽ യൂണിവേഴ്സിറ്റിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജൻസിയിൽ നിന്ന് 450 കോടി രൂപയുടെ ധനസഹായം ഞങ്ങൾ തേടിയിട്ടുണ്ട്. ഒരു പുതിയ അക്കാദമിക് സമുച്ചയം പണിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 100 സ്റ്റാർട്ടപ്പുകൾ കാമ്പസിനുള്ളിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. പ്ലേസ്മെന്‍റ് സെല്ലുകളും ആര്‍ ആന്‍റ് ഡി സെല്ലുകളും സ്ഥാപിച്ചു. ഇത് സ്പോണ്‍സര്‍ ചെയ്തപ്പോള്‍ ഗവേഷണ ഫണ്ടില്‍ വര്‍ധനവ് ഉണ്ടായി. 2016 ൽ 35 കോടിയുണ്ടായിരുന്ന ഫണ്ട് 2019 ൽ 190 കോടി രൂപയായി. യൂണിവേഴ്സിറ്റിയുടെ കണ്ണിൽ എല്ലാ വിദ്യാർഥികളും തുല്യരാണ്. എല്ലാ വിദ്യാർഥികളുടെയും കൂട്ടായ പുരോഗതിക്കായാണ് പ്രവര്‍ത്തിക്കുന്നത്. വെറും സാങ്കേതിക പരിജ്ഞാനം മാത്രമല്ല യൂണിവേഴ്സിറ്റി വിസിയാകാനുള്ള യോഗ്യതയെന്ന വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: കഴിഞ്ഞ 25 വര്‍ഷമായി ഐഐടിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. വെല്ലുവിളികളെക്കുറിച്ച് എനിക്ക് നന്നായറിയാം.
ഇരുവശവും നോക്കൂ: പൂര്‍വ വിദ്യാര്‍ഥികളോടും മറ്റുള്ള പലരോടും എനിക്ക് പറയാനുള്ളത് നാണയത്തിന്‍റെ ഇരുവശങ്ങളും പരിശോധിക്കണമെന്നാണ്. ഏത് വശം തെരഞ്ഞെടുക്കണമെന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാൽ മറുവശവും നോക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് അവകാശങ്ങളില്ലേ എന്തുകൊണ്ട് നിങ്ങൾ അത് നോക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.