ലഖ്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. യുവതിയുടെ ഭർത്താവ് നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ഭാര്യമാർക്ക് സ്വത്ത് വീതിച്ച് നൽകാൻ തീരുമാനിച്ചതോടെയാണ് ഭർത്താവിനെ യുവതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വികാസ് സിംഗ് എന്നയാളാണ് മരിച്ചത്. ഇയാളുടെ ആദ്യ ഭാര്യ രജനിയാണ് പ്രതി.
ഭർത്താവിനെ കൊല്ലാനായി വാടക കൊലയാളികൾക്ക് യുവതി ആറ് ലക്ഷം രൂപ നൽകി. ജൂൺ 19 നാണ് ഇയാളെ വെടിവെച്ച് കൊന്നത്. വാടക കൊലയാളികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി അന്വേഷണം നടന്ന് വരികയാണ്. 2009 ലാണ് രജനിയും വികാസും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. 2017 നും 2020 നും ഇടയിൽ വികാസ് മറ്റ് മൂന്ന് സ്ത്രീകളെയും വിവാഹം കഴിച്ചു. ഇതിന് ശേഷം കുട്ടികളുടെ ഭാവിയെക്കുറിച്ച് രജനി ആശങ്കാകുലയായിരുന്നു. വികാസ് വിവാഹമോചനം നേടുമെന്നും തന്‍റെ സ്വത്തുക്കൾ മൂന്ന് സ്‌ത്രീകള്‍ക്കുമായി പങ്കിടുമെന്നും അവർ ഭയപ്പെട്ടിരുന്നതായി ബാഗ്പത്ത് പൊലീസ് പറഞ്ഞു.