ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെത്തുടര്‍ന്ന് വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. കേസ് ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തും. രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസിനെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ പേര്‍ക്കെതിരെ മാത്രം കേസെടുക്കുക സാധ്യമല്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പൊലീസിന്‍റെ നിലപാട്.
കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് പൊലീസിനോട് കോടതി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.