ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിനോട് സർക്കാർ ലബോറട്ടറിയിൽ കൊവിഡ് പരിശോധനക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് വീണ്ടും കത്ത് അയച്ചു. സ്വകാര്യ ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്ന് ഫലം വന്നതായി കാണിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഫുസൈൽ അയ്യൂബി തിങ്കളാഴ്ച ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു.
അതേ സമയം, ചോദ്യങ്ങളോട് സാദ് ഇതുവരെ പ്രതികരിച്ചിട്ടില്ലാത്തതിനാൽ നാലാമത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ദേശീയ തലസ്ഥാനത്തെ നിസാമുദ്ദീനിൽ മർകസ് തബ്‌ലീഗ് ജമാഅത്ത് സഭ നടത്തിയതുമായി ബന്ധപ്പെട്ട് ജമാഅത്ത് മേധാവിക്കും മറ്റുള്ളവർക്കും എതിരെ 1897 ലെ പകർച്ചവ്യാധി നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
നിസാമുദ്ദീൻ സഭ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ആളുകൾക്ക് രോഗം പകരുകയും ചെയ്തിരുന്നു.