ന്യൂഡൽഹി: ജാമിയ നഗർ പ്രദേശത്ത് ഞായറാഴ്‌ച്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ള 10 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരു വിദ്യാർഥിയെ പോലും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ സ്വത്ത് നഷ്ടം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പ്രതിഷേധത്തെ നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർ ലാത്തി ചാർജും കണ്ണീർ വാതകം പ്രയോഗിച്ചതും വലിയ വിവാദമായി. സംഭവത്തിന് ശേഷം ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികളെ പിന്തുണച്ച് രാജ്യത്തുടനീളമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റതായും അതിൽ പലരും യൂണിവേഴ്‌സിറ്റി വിദ്യാർഥികളാണെന്നും ജാമിയ മില്ലിയ ഇസ്‌ലാമിയ വൈസ് ചാൻസലർ നജ്‌മ അക്തർ പറഞ്ഞു. ക്യാമ്പസിൽ അനുവാദമില്ലാതെ കയറിയതിനും സ്വത്ത് നശിപ്പിച്ചെന്നുമാരോപിച്ച് ഡൽഹി പൊലീസിനെതിരെ സർവകലാശാലാ ഭരണകൂടം എഫ് ഐ ആർ ഫയൽ ചെയ്യുമെന്നും നജ്‌മ അക്തർ പറഞ്ഞു.