ന്യൂഡൽഹി: കൊവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി (എസ്ഡിഎംഎ) കൂടിക്കാഴ്ച നടത്തിയ ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഡല്‍ഹിയിൽ ഇപ്പോൾ സാമൂഹ്യവ്യാപനം ഇല്ലന്നും അതിനാൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും യോഗം വിളിച്ചിരുന്നു. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഉന്നതതല യോഗത്തിന് ശേഷമാണ് യോഗം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ 1,007 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 29,000 കവിഞ്ഞു. രോഗം മൂലമുള്ള മരണസംഖ്യ 874 ആയി ഉയർന്നു.