ന്യൂഡൽഹി: ഡൽഹിയിലെ ഇന്നത്തെ വായുനിലവാര സൂചിക (എക്യുഐ) മോശമായി തുടരുന്നു. നാളെമുതൽ വായുനിലവാര സൂചിക നേരിയ തോതിൽ രൂക്ഷമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വായുനിലവാരം ഇന്ന് 266 രേഖപ്പെടുത്തി. മഴയുടെ ഫലമായുണ്ടായ ഈർപ്പമുള്ള വായുവിന്‍റെ അളവ് കുറഞ്ഞുവരികയാണ്. നാളെ വായുനിലവാരം വളരെയധികം മോശമാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ കാര്യമായ ആഘാതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വായുനിലവാരം ഏറ്റവും മോശമായ പ്രദേശമായ ചാന്ദിനി ചൗക്കിൽ 343 ഉം നോയിഡയിൽ 227 ഉം രേഖപ്പെടുത്തി.
നിലവാര സൂചിക പൂജ്യം മുതൽ 50 ശതമാനം വരെ 'നല്ലത്', 51 മുതൽ 100 വരെ 'തൃപ്‌തികരം', 101 മുതൽ 200 വരെ 'മിതമായത്', 201 മുതൽ 300 വരെ 'മോശം', 301 മുതൽ 400 വരെയാണെങ്കിൽ 'വളരെ മോശം', 401 മുതൽ 500 വരെ 'രൂക്ഷം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ലോധി റോഡ് മേഖലയിൽ വായുനിലവാരം ഇന്ന് 192 രേഖപ്പെടുത്തി. തുടർച്ചയായി വായുനിലവാരം കുറയുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഡൽഹിയിലെ കൂടിയ താപനില 23.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 8.0 ഡിഗ്രി സെൽഷ്യസുമാണ്.