ന്യൂഡൽഹി: കരാര്‍ അവസാനിപ്പിച്ച ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി ദേശീയ തലസ്ഥാനത്ത് സർക്കാർ നടത്തുന്ന ജനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന 40 നഴ്സുമാര്‍. ജനുവരി മുതല്‍ തങ്ങൾ ഇവിടെ ജോലി ചെയ്യുന്നതായും പതിവുപോലെ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങിയ തങ്ങളോട് കരാര്‍ കാലാവധി അവസാനിച്ചതായും നാളെ മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്നും മാധ്യമങ്ങളോട് സംസാരിച്ച നഴ്‌സിംഗ് ഉദ്യോഗസ്ഥ പ്രിയങ്ക പറഞ്ഞു. ഇത്തരം ഒരു സമയത്ത് തങ്ങളെ എങ്ങനെ പുറത്താക്കുമെന്നും അവര്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യ പ്രവർത്തകരെ കൊറോണ വാരിയേഴ്സ് എന്നാണ് വിശേഷിപ്പിച്ചത്. ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ മാത്രമാണ് അവർ തങ്ങളെ ബഹുമാനിക്കുന്നതെന്നും ഡല്‍ഹിയിലെ ആശുപത്രികളുടെ യഥാർഥ ചിത്രം നിങ്ങളുടെ മുമ്പിലുണ്ടെന്നും ഞങ്ങൾക്ക് ഇപ്പോൾ എവിടെ നിന്ന് മറ്റൊരു ജോലി ലഭിക്കുമെന്നും ജോലി തിരികെ ലഭിക്കാൻ സർക്കാർ സഹായിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് - ഏഴ് മാസമായി തങ്ങൾ നാൽപത് പേർ ജനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് ആയിരുന്നുവെന്നും പെട്ടന്ന് പിരിച്ച് വിട്ടാല്‍ തങ്ങൾ എന്ത് ചെയ്യുമെന്നും എന്തുകൊണ്ടാണ് തങ്ങളുടെ കരാര്‍ കാലാവധി പുതുക്കാനാവാത്തതെന്നും അവര്‍ ചോദിച്ചു.