ന്യൂഡൽഹി: ലോക്ക് ഡൗൺ കാലയളവിൽ പൂട്ടിയിട്ട മെഹ്‌റൗലിയിലെ ശനി ധാം ക്ഷേത്രം തുറന്ന സംഭവത്തിൽ അറസ്റ്റിലായ ആൾ ദൈവം ദാതി മഹാരാജിന് ജാമ്യം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 34 വകുപ്പുകൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) നിയമത്തിലെ 54 ബി, പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരം ബുധനാഴ്ചയാണ് ദാതി മഹാരാജ് അറസ്റ്റിലായതെന്ന് ഡിസിപി (സൗത്ത് ഡൽഹി) അതുൽ താക്കൂർ പറഞ്ഞു.
മെയ് 22 ന് രാത്രി 7: 30 ഓടെയാണ് ദാതി മഹാരാജും മറ്റ് ചിലരും ക്ഷേത്രത്തിൽ ചടങ്ങ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് പുറപ്പെടുവിച്ച സാമൂഹിക അകല മാനദണ്ഡങ്ങൾ ലംഘിച്ചാണ് അമ്പലം തുറന്നതെന്ന് പൊലീസ് പറഞ്ഞു.സമൂഹിക അകലം പാലിക്കാതെ ശനി ധാം ക്ഷേത്രത്തിൽ നടന്ന ചടങ്ങിന്‍റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നതെന്നും ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് അമ്പലം തുറന്നതെന്നും താക്കൂർ പറഞ്ഞു.
സംഭവത്തിൽ മെയ് 23 ന് മൈതാൻ ഗർഹി പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു.കൊവിഡ് പടരാതിരിക്കാൻ മാർച്ച് 25 മുതൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗണിൽ മതപരമായ സ്ഥലങ്ങളിൽ നടത്തുന്ന പൊതുസമ്മേളനങ്ങൾ രാജ്യത്തുടനീളം നിരോധിച്ചിരിക്കുന്നു.വർഷങ്ങൾക്കുമുമ്പ് ശനി ധാമിൽ വെച്ച് ഭക്തയെ ബലാത്സംഗം ചെയ്ത കേസിലും ദാതി മഹാരാജ് പ്രതിയാണ്