ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം തീവ്രവിഭാഗത്തിലേക്ക് മാറുന്നതിനെ തുടർന്ന് മഹാരാഷ്ട്ര തീരത്തും ഗുജറാത്തിലും ജാഗ്രത നിർദേശം നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് വീശിയടിക്കും. അറബിക്കടലില്‍ വടക്ക് തെക്ക് ഗുജറാത്ത് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഞായറാഴ്‌ചയോടെ മടങ്ങി എത്താൻ നിർദേശിച്ചിരുന്നു. ജൂൺ നാല് വരെ കടലില്‍ പോകരുതെന്നും കേന്ദ്രം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.
കിഴക്കൻ മധ്യ അറേബ്യൻ കടലിനും ലക്ഷദ്വീപിനും താഴെയാണ് നിലവിൽ ന്യൂനമർദം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ചുഴലിക്കാറ്റാകുമെന്ന് ഐഎംഡിയുടെ സൈക്ലോൺ മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.
ജൂൺ രണ്ട് വരെ ന്യൂനമർദം വടക്കോട്ട് നീങ്ങുകയും പിന്നീട് വടക്ക്- വടക്കു കിഴക്ക് ദിശയിലേക്ക് തിരിയുകയും ജൂൺ 3ന് വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരങ്ങളിൽ എത്തിച്ചേരുകയും ചെയ്യും. തീരദേശ മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് കേരളം, തീരദേശ കർണാടക, ഗോവ, തീരദേശ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 2ന് തീരദേശ മഹാരാഷ്ട്രയ്ക്കും ഗോവയ്ക്കും ഇതേ മുന്നറിയിപ്പ് ബാധകമാണ്. ജൂൺ 3ന് തീരദേശ മഹാരാഷ്ട്ര ഗോവ എന്നിവടങ്ങളിലും റെഡ് അലർട്ടും ഗോവയില്‍ ഓറഞ്ച് അലർട്ടുമാണ്.
കടലില്‍ പോയ മത്സ്യത്തൊഴിലാളികൾ മെയ് 31നകം തീരങ്ങളിലേക്ക് മടങ്ങാൻ നിർദേശിച്ചിരുന്നു. ജൂൺ രണ്ടിന് തെക്കൻ ഗുജറാത്ത് തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്ററിൽ എത്താൻ സാധ്യതയുണ്ട്. ജൂൺ മൂന്നിനും നാലിനും ഗുജറാത്ത് തീരത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഒമാൻ, യെമൻ തീരങ്ങളിലും പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലിലേക്കും കടക്കരുതെന്ന് മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചിരുന്നു.