ന്യൂഡൽഹിയിലെ നിസാമുദീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലീം മതസംഘടനയായ തബ്‌ലീഗ് ജമാഅത്ത് ഒരു വാർഷിക സഭ നടത്തി. വിവിധ റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം പേർ അതില്‍ പങ്കെടുത്തു. സമ്മേളനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചുള്ള മാധ്യമ വിവരണങ്ങളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആഭ്യന്തര സുരക്ഷാ സംവിധാനത്തെയും വളരെയധികം ബാധിച്ചു.
ഇന്ത്യയിൽ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയ ഉടൻതന്നെ സമ്മേളനത്തിൽ പങ്കെടുത്ത കൊവിഡ് ബാധിതരുടെ വിവരങ്ങൾ പുറത്തുവന്നു. ഇതിനകം സമ്മേളനത്തിൽ പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികൾ സ്വദേശത്ത് തിരിച്ചെത്തിയത് വലിയ ആശങ്കക്ക് വഴിവെച്ചു. സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച നിരവധി പേരെ രാജ്യത്തുടനീളം കണ്ടെത്തി. രാജ്യത്തെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ ന്യൂന പക്ഷ വിരുദ്ധത പൊട്ടിപ്പുറപ്പെടാന്‍ കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് ഏകപക്ഷീയ നിലപാടുകള്‍ എടുത്തു കൊണ്ട് മാധ്യമങ്ങള്‍ പലപ്പോഴും മുസ്ലിം മത ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചു. രാജ്യത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും മാധ്യമങ്ങള്‍ വൈറസിന് വര്‍ഗീയ നിറം കൊടുത്തു. തബ്‌ലീഗ്-വൈറസ്, കൊറോണ-ജിഹാദ് തുടങ്ങിയ പദങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ചില മാധ്യമങ്ങൾ ഈ വൈറസ് വുഹാനില്‍ നിന്നല്ല മറിച്ച് നിസാമുദീനിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുക വരെ ചെയ്‌തു.
നിരീക്ഷണത്തിനായി ആശുപത്രിയിലെത്തിച്ച തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങള്‍ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറി, പൊതുസ്ഥലങ്ങൾ മലിനമാക്കി തുടങ്ങിയ വ്യാജ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഒരു വാര്‍ത്താ ചാനൽ 'സ്റ്റിംഗ് ഓപ്പറേഷൻ' എന്ന പേരില്‍ ലോക്ക് ഡൗണിനിടെ തബ്‌ലീഗ് ജമാഅത്ത് കൊവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. വ്യാജവാർത്തകൾ പരിശോധിക്കുന്ന വിവിധ മാധ്യമങ്ങൾ അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് കണ്ടെത്തി. അത്തരം റിപ്പോർട്ടുകൾ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവ്വം പ്രചരിപ്പിച്ച വ്യാജ വാർത്തകൾ മാത്രമായിരുന്നു.
കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മത സമ്മേളനം നടത്തിയതിന് തബ്‌ലീഗ് ജമാഅത്തിന്‍റെ ഭാരവാഹികൾ പൂർണമായും ഉത്തരവാദികളാണ്. അതേസമയം മാധ്യമങ്ങൾ മത വിദ്വേഷം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് തികച്ചും കുറ്റകരമാണ്. സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് നിയമം ലംഘിച്ചുവെന്ന കാര്യം ശരിയാണ്. ഈ ലംഘനങ്ങൾ എങ്ങനെ, എപ്പോൾ, എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു സഭ നടത്താൻ പൊലീസ് അനുമതി നൽകിയതെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. തബ്‌ലീഗ് ജമാഅത്തിന്‍റെ നേതാവ് മൗലാന സാദിന് എതിരെ കേസെടുത്തിട്ടുണ്ട്.
നിസാമുദീൻ സമ്മേളനം നടന്ന അതേ സമയത്ത് തന്നെ രാജ്യത്തിന്‍റെ പല ഭാഗത്തും രാഷ്ട്രീയവും മറ്റ് മതപരമായ പല ഒത്തു ചേരലുകളും നടന്നു. മധ്യപ്രദേശില്‍ പുതിയ ബിജെപി സർക്കാർ നിലവില്‍ വന്നു, ലഖ്‌നൗവിൽ രാമ നവമി ആഘോഷങ്ങള്‍ നടന്നു, തിരുപ്പതി, തിരുവനന്തപുരം, കര്‍ണാടകയില ചിത്തര്‍പ്പൂര്‍ എന്നിവിടങ്ങളിൽ ഹിന്ദു മത ആഘോഷങ്ങൾ വലിയതോതിൽ നടന്നു, എന്നാൽ അതിനൊന്നും വലിയ മാധ്യമ ശ്രദ്ധ ലഭിച്ചില്ല. കൊവിഡ് അതിഭീകരമായി പടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങൾ വിദ്വേഷം നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കുന്നത് തികച്ചും അപമാനമാണ്. ഇന്നത്തെ പല മാധ്യമങ്ങളും ഭരണഘടനാ തത്വങ്ങളെ വളച്ചൊടിക്കുകയാണ്. ദേശീയതയുടെയും, ദേശസ്നേഹത്തിന്‍റെയും പേരില്‍ പ്രതിഷേധ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്ന ഹിന്ദുത്വ പ്രവണത, കൊവിഡിനെക്കാള്‍ അപകടകാരിയാണ്.
ഇന്ത്യയിലും ഇസ്ലാമിക രംഗത്തും തബ്‌ലീഗ് ജമാഅത്തിന് വ്യക്തമായ പ്രാധാന്യമുണ്ട്. ഒരു യഥാർഥ വിശ്വാസിയെ ഇസ്ലാമിക വിശ്വാസത്തിന്‍റെ സിദ്ധാന്തങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണത്. എന്നാൽ നിരവധി മുസ്ലീം മിതവാദികൾ ഇതിനെ‘തക്ലിഫി’ജമാഅത്ത് എന്നും വിളിക്കുന്നു. വർഗീയ ലക്ഷ്യങ്ങള്‍ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് വ്യത്യസ്‌ത സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സാധിക്കും. ആഫ്രിക്കൻ രാജ്യമായ റ്വവാണ്ടായിലെ ദാരുണമായ അനുഭവം ഇതിന് ഉദാഹരണമാണ്. ശരിയായ ഒരു വിശ്വാസി ഒരിക്കലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കില്ല, വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ല. ഇന്ത്യയിലെ വിവിധ മതസംഘടനകൾ ഇക്കാര്യങ്ങൾ ഉൾക്കൊള്ളട്ടെയെന്ന് പ്രത്യാശിക്കാം.