ജോധ്പൂർ: രാജ്യം മുഴുവൻ കൊവിഡ് വ്യാപനം ഭയനാകമായി തുടരുമ്പോൾ, കൊവിഡ് പ്രമേയമുള്ള വിഭവങ്ങൾ ചേർത്ത് ആളുകളെ ആകർഷിക്കുകയാണ് ജോധ്പൂരിലെ ഒരു ഭക്ഷണശാല. ഇവിടുത്തെ വേദ റെസ്റ്റോറന്‍റ് ഉപയോക്താക്കൾക്ക് പുതിയ "കൊവിഡ് കറിയും", "മാസ്ക് നാനും" വിളമ്പുന്നു. കൊറോണ വൈറസിന്‍റെ ആകൃതിയിൽ നിർമ്മിച്ച "മലായ് കോഫ്ത" ആണ് കൊവിഡ് കറി. അതേസമയം "മാസ്ക് നാൻ" മുഖംമൂടി ആകൃതിയിലുള്ള നാൻ ആണ്. ഈ രണ്ട് പുതിയ വിഭവങ്ങളും തന്‍റെ തന്നെ സൃഷ്ടികളാണെന്ന് റെസ്റ്റോറന്‍റ് ഉടമ അനിൽ കുമാർ പറയുന്നു.
മലായ് കോഫ്തയുടെ ഒരു വ്യതിയാനമാണ് കറി, അതിൽ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് കോഫ്ത ഉണ്ടാക്കും. ബട്ടർ നാൻ ഒരു മാസ്കിന്‍റെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്നതാണ് മാസ്ക് നാൻ എന്നും അനിൽ കുമാർ പറഞ്ഞു. പുതിയ എന്തെങ്കിലും പരീക്ഷിച്ചാൽ മാത്രമേ ആളുകൾ ആകർഷിക്കപ്പെടുകയുള്ളൂ. അതിനാൽ, ഞങ്ങൾ മെനുവിൽ കൊറോണ ചേർത്തു. ആളുകൾ ഇത് ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ റെസ്റ്റോറന്‍റിൽ ശരിയായ സാമൂഹിക അകലവും ശുചിത്വ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മെനു കാർഡുകളിൽ സ്പർശിക്കുന്നത് ഒഴിവാക്കാൻ ഈ റെസ്റ്റോറന്‍റിൽ ഡിജിറ്റൽ മെനു സംവിധാനവുമുണ്ട്.