പട്‌ന: സാമൂഹിക അകലം പാലിക്കുകയെന്നത് ബിഹാറിൽ പുതിയ ശീലമല്ല. നാല് വർഷം മുമ്പ് വസൂരി, ത്വക്ക് രോഗം എന്നിവ പടർന്നുപിടിച്ചപ്പോൾ സാമൂഹിക അകലം നടപ്പിലാക്കിയാണ് പകർച്ചവ്യാധിക്കെതിരെ ബിഹാർ പോരാടിയത്. കതിഹാർ-പൂർണിയ അതിർത്തിയിലുള്ള ദിവാൻഗൻജ് മഹൽദാർ എന്ന ഗ്രാമമാണ് സാമൂഹിക അകലത്തിലൂടെ രോഗവ്യാപനം തടയാമെന്നതിന് മാതൃകയായത്.
വസൂരി, ത്വക്ക് രോഗം എന്നിവയുടെ പിടിയിലകപ്പെട്ട് ഗ്രാമത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചിരുന്നു. ഇതിന് പരിഹാരമായി ശുചിത്വവും സാമൂഹിക അകലവും പാലിക്കാൻ ലോകാരോഗ്യസംഘടന ഗ്രാമവാസികളോട് നിർദേശിച്ചു. ശേഷം പകർച്ചവ്യാധിയിൽ നിന്ന് പ്രദേശം പൂർണമായി രോഗമുക്തി നേടിയിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഗ്രാമവാസികളുടെ ശീലമാകുകയായിരുന്നു. അതിനാൽ തന്നെ, പരസ്‌പരമുള്ള സമ്പർക്കം പരിമിതിപ്പെടുത്തി സാമൂഹിക അകലം പാലിച്ച് കൊണ്ട് കൊവിഡിനെയും തുരത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബിഹാർ സ്വദേശികൾക്കുള്ളത്.