ബെംഗളൂരു: കൊവിഡ് ചികിത്സയിൽ കഴിയുന്ന കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തുടർ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹത്തെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. അദ്ദേഹം പൂർണമായും സുഖം പ്രാപിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ആഗസ്ത് 4നാണ് 71കാരനായ സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം സിദ്ധരാമയ്യയ്ക്ക് പനിയുണ്ടായിരുന്നെന്നും വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മകനും വരുണയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് ഓഗസ്റ്റ് 7ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മണിപ്പാൽ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെ രോഗമുക്തി നേടിയതിനെ തുടർന്ന് തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തു.