മോസ്‌കോ: റഷ്യയുടെ സ്‌പുടിനിക് 5 കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് നിര്‍മാതാക്കള്‍. ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട വിശകലനത്തെ മുന്‍നിര്‍ത്തിയാണ് നിര്‍മാതാക്കളുടെ അവകാശവാദം. രണ്ട് ഡോസ് വാക്‌സിന്‍ അന്താരാഷ്‌ട്ര വിപണിയില്‍ 20 ഡോളറിന് ലഭ്യമാകുകയും റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഒരു ഡോസ് സ്‌പുടിനിക് വാക്‌സിന്‍ അന്താരാഷ്‌ട്ര വിപണിയില്‍ 10 യുഎസ് ഡോളറിന് താഴെ വിലയില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിനായി ഉയര്‍ന്ന കോള്‍ഡ് സ്റ്റോറേജും ആവശ്യമില്ല.
രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ആദ്യഘട്ട ഡോസ് നല്‍കി 28 ദിവസത്തിനകം 91.4 ശതമാനം ഫവപ്രാപ്‌തിയും, 42 ദിവസത്തിന് ശേഷം 95 ശതമാനത്തിലധികം ഫലപ്രാപ്‌തിയും കാണിച്ചെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം, സര്‍ക്കാര്‍ നിയന്ത്രിത ഗമേലിയ റിസര്‍ച്ച് സെന്‍റര്‍, റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെയും (ആര്‍ഡിഐഎഫ്) സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. ഗമേലിയ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ലോകത്തിലേറ്റവും ഫലപ്രദമായ വാക്‌സിനുകളിലൊന്നാണെന്നും മറ്റ് വാക്‌സിനുകളേക്കാളും വില കുറവാണെന്നും ആര്‍ഡിഐഎഫ് സിഇഒ കിരില്‍ ദിമിത്രിവ് വ്യക്തമാക്കി. 22000 വളന്‍റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യ ഡോസ് പരീക്ഷിച്ചത്. രണ്ടാമത്തെ ഡോസ് 19000 പേരിലും പരീക്ഷിച്ചു. മൂന്നാം ഘട്ട ഡബിള്‍ ബ്ലൈന്‍ഡ്, പ്ലാസബോ ക്ലിനിക്കല്‍ പഠനത്തില്‍ 40,000 വളന്‍റിയര്‍മാര്‍ പങ്കെടുക്കും. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് യുഎഇ, വെനസ്വേല, ഇന്ത്യ, ബലേറസ് എന്നീ രാജ്യങ്ങളാണ്.
നേരത്തെ ഫൈസര്‍ - ബയോണ്‍ടെക് എന്നീ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യുഎസ് കമ്പനിയായ മോഡേര്‍ണയുടെ കൊവിഡ് വാക്‌സിനും 94.5 ശതമാനം ഫലപ്രാപ്‌തി അവകാശപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌ത രാജ്യമാണ് റഷ്യ. റഷ്യയിലെ ആദ്യത്തെ ഉപഗ്രഹത്തിന്‍റെ പേരിലുള്ള സ്‌പുടിനിക് 5 കൊവിഡ് വാക്‌സിന്‍ ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപിഡെമോളജി ആന്‍റ് മൈക്രോബയോളജിയാണ് വികസിപ്പിച്ചെടുത്തത്.