ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 63,631 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ റിക്കവറി നിരക്ക് 74.69 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.87 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതർ 30 ലക്ഷത്തിലേക്കടുക്കുമ്പോൾ, മൊത്തം വീണ്ടെടുക്കലുകളുടെ എണ്ണം 22,22,577 ആയി ഉയർന്നു.
രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 10 ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നയപരമായ തീരുമാനങ്ങൾ കൊവിഡ് പരിശോധന ത്വരിതപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സമഗ്രമായ നിരീക്ഷണം, കോൺടാക്റ്റ് ട്രേസിംഗ് എന്നിവയിലൂടെ കേസുകൾ നേരത്തേ തിരിച്ചറിയുന്നതും രോഗികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ ക്ലിനിക്കൽ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വേഗത്തിൽ വീണ്ടെടുക്കൽ ഉറപ്പാക്കുന്നു.
മിതമായ ലക്ഷണങ്ങളോടു കൂടിയ കേസുകൾക്ക് ഗാർഹിക നിരീക്ഷണമാണ് ഏർപ്പെടുത്തുന്നത്. സമഗ്രമായ പരിചരണ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള സ്റ്റാൻഡേർഡ് ക്ലിനിക്കൽ മാനേജ്മെന്‍റ് പ്രോട്ടോക്കോൾ അനുസരിച്ച്, ഗുരുതരവും അതിഗുരുതരവുമായ അവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മികച്ച വൈദ്യസഹായം നൽകുകയും ചെയ്യുന്നു.
ശനിയാഴ്ച 69,874 കേസുകൾ രേഖപ്പെടുത്തിയതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,701 ആയി ഉയർന്നു. മരണസംഖ്യ 55,794 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 945 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.