ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ദിനംപ്രതി ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ അറിയിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധം ഉടൻതന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗമുക്തി നിരക്ക് കൂടുകയാണെന്നും മരണനിരക്ക് കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച എട്ട് ലക്ഷം പരിശോധനകൾ നടത്തി. ഏപ്രിലിൽ 6,000 പരിശോധനകൾ മാത്രമാണ് നടത്തിയിരുന്നത്. കൊവിഡ് പ്രതിരോധത്തിനായി എല്ലാ ആരോഗ്യ പ്രവർത്തകരും കഠിനമായ പോരാട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 64,553 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 1,007 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 48,040 ആയി. 6,61,595 പേർ ചികിത്സയിൽ തുടരുമ്പോൾ 17,51,556 പേർ രോഗമുക്തി നേടി.