ഭുവനേശ്വര്‍: ഒഡിഷയിലെ ജയിലുകളില്‍ നിന്നും 16789 തടവുകാരെ പരോളില്‍ വിട്ടയച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറക്കാനാണിത്. ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പുരോഗതി പരിശോധിക്കുന്നതിനിടെയാണ് പ്രിസണ്‍ ഡയറക്‌ടര്‍ ജനറല്‍ എസ്. കെ ഉപാധ്യാ തടവുകാരെ വിട്ടയച്ച കാര്യം അറിയിച്ചത്. വിട്ടയച്ച തടവുകാരില്‍ 16,639 പേര്‍ അണ്ടര്‍ ട്രയല്‍ തടവുകാരും 150 പേര്‍ കുറ്റവാളികളുമാണ്. ബെര്‍ഹാംപൂര്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പരോളില്‍ വിട്ടയച്ചത്. 5231 തടവുകാര്‍ക്കാണ് ഇളവ് ലഭിച്ചത്.
ജയിലിലെ തിരക്ക് കുറക്കുന്നതിനായി തടവുകാരെ പരോളില്‍ വിടുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 20നും ജൂലായ് 28നും ഇടയിലാണ് തടവുകാരെ പരോളില്‍ വിട്ടയച്ചത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചവര്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തടവുകാര്‍ കൂടിയ ജയിലുകളില്‍ നിന്ന് കുറഞ്ഞ ജയിലിലേക്ക് 1202 തടവുകാരെ മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഒഡിഷയില്‍ ഇതുവരെ 29731 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 159 പേരാണ് ഒഡിഷയില്‍ കൊവിഡ് മൂലം മരിച്ചത്.