ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഇതുവരെ രാജ്യത്ത് 30,37,151 പേരാണ് കൊവിഡ് മുക്തരായതെന്നും സജീവ കൊവിഡ് കേസുകളിൽ 0.5 ശതമാനം ആളുകൾ മാത്രമാണ് വെന്‍റിലേറ്ററിൽ ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് രോഗികളിൽ രണ്ട് ശതമാനം ആളുകളാണ് ഐസിയുവിൽ ഉള്ളതെന്നും സജീവ രോഗികളിൽ 3.5 ശതമാനത്തിന് കുറവ് ആളുകളാണ് ഓക്‌സിജൻ സഹായമുള്ള കിടക്കകളിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ആഗോള മരണനിരക്കിനേക്കാൾ കുറവാണ്. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ദിനം പ്രതി കുറയുന്നുണ്ടെന്നും നിലവിലെ നിരക്ക് 1.74 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിൽ 66,659 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. തുടർച്ചയായ മാസങ്ങളിൽ കൊവിഡ് മുക്തരാകുന്നവരുടെ നിരക്കിൽ വർധനവുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരായവരുടെയും നിലവിലെ കൊവിഡ് രോഗികളുടെയും എണ്ണത്തിൽ 22 ലക്ഷത്തിന്‍റെ വ്യത്യാസമാണുള്ളത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള സജീവ കൊവിഡ് രോഗികളുടെ എണ്ണം 8,31,124 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 21.11 ശതമാനമാണ് നിലവിലെ സജീവ കൊവിഡ് രോഗികളെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ പുതുതായി 83,341 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് രോഗികൾ 39 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,096 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,472 കടന്നു.