ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ ഗൂഢാലോചന കേസിലെ പ്രതിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. നിർദ്ദിഷ്ട കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതി യൂസഫ് ചോപ്പന് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. 180 ദിവസം മുതൽ തന്‍റെ കക്ഷി കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമർപ്പിക്കാനുള്ള സമയം കഴിഞ്ഞുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ തുകയായി 50,000 രൂപ കെട്ടിവെയ്ക്കാനും അന്വേഷണത്തോട് സഹകരിക്കാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടു. സമാനമായ ഒരു കുറ്റകൃത്യവും ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. കേസിന്‍റെ വസ്‌തുതകൾ മറ്റ് വ്യക്തികൾക്ക് നൽകരുത് തുടങ്ങിയ നിർദേശങ്ങളും പ്രതിക്ക് കോടതി നൽകിയിട്ടുണ്ട്. പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി തീവ്രവാദികൾ ചാവേർ ആക്രമണം നടത്തി. 49 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.