ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം ഘട്ട കോർപ്സ് കമാൻഡർ ലെവൽ ചർച്ചകൾ അവസാനിച്ചു. കിഴക്കൻ ലഡാക്കിലെ ചുഷുൽ ബോർഡർ പോസ്റ്റിലായിരുന്നു ചര്‍ച്ചകള്‍. ചൊവ്വാഴ്ച രാവിലെ 11.30ന് ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ പോസ്റ്റിൽ ആരംഭിച്ച ചർച്ച ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ചർച്ച 14.5 മണിക്കൂർ നീണ്ടുനിന്നു.
ജൂലൈ അഞ്ചിന് ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായി അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങും നടത്തിയ സംഭാഷണത്തിലൂടെ വ്യക്തവും ആഴത്തിലുള്ളതുമായ നിർണയത്തിലേക്ക് ഇരുരാജ്യങ്ങളും എത്തിയിരുന്നു. എൽഐസിയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പിരിച്ചുവിടൽ പ്രക്രിയ ഇരുപക്ഷവും വേഗത്തിൽ പൂർത്തിയാക്കണമെന്നും തീരുമാനമായിരുന്നു.
പിരിച്ചുവിടലിന്‍റെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി, ചൈനീസ് സൈന്യം ഫിംഗർ 4ൽ നിന്ന് ഫിംഗർ 5ലേക്ക് മടങ്ങി. ഗാൽവേ വാലി, ഹോട്ട് സ്പ്രിംഗ്സ്, പട്രോളിങ്ങ് പോയിന്‍റ് -15 എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് അവർ രണ്ട് കിലോമീറ്ററോളം പിന്നോട്ട് നീങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോർപ്സ് കമാൻഡർ ലെവൽ ചർച്ചയിലെടുത്ത തീരുമാനം അനുസരിച്ച് ഇന്ത്യൻ സൈനികരും പിന്നോട്ട് നീങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. ഒഴിഞ്ഞ സ്ഥലങ്ങളെ ഇരുരാജ്യങ്ങളും താൽക്കാലിക പട്രോളിങ്ങ് മേഖലകളായി കണക്കാക്കും.