ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ് 19 ഭീഷണി ഹോളി ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. കൊവിഡ് 19 ഭീതി ജനങ്ങളെ വിപണിയില്‍ നിന്ന് അകറ്റുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. എങ്കിലും കടകളില്‍ ഹോളി നിറങ്ങളും ഗുലാലും മധുര പലഹാരവുമായി കച്ചവടക്കാര്‍ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. ഇന്നും നാളെയുമായാണ് രാജ്യത്ത് ഹോളി ആഘോഷം.
കൊവിഡ് ഭയം മൂലം ഹോളി ബിസിനസ് മന്ദഗതിയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. വൈറസ് ഭയം ഡല്‍ഹിയിലെ തിരക്കേറിയ ഹോളി ചന്തയായ ഗോവിന്ദ് പുരി മാര്‍ക്കറ്റിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ ചന്തയാണ് കാണാനാവുന്നത്. മാസ്‌കും സാനിറ്റൈസറും വാങ്ങാനാണ് പണം ചെലവിടുന്നതെന്ന് ഉപഭോക്താക്കളും പറയുന്നു. വൈറസ് ബാധ ഒഴിവാക്കുന്നതിനായി ജനങ്ങള്‍ വീടുകളില്‍ കഴിയുകയാണ്. ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് 19 ബാധിച്ച് ഇതുവരെ ലോകത്താകമാനം 3282 പേരാണ് മരിച്ചത്.