ന്യൂഡൽഹി: റെഡ് സോണുകളൊഴികെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് മൂന്നാം ഘട്ട ലോക്ക് ഡൗണിൽ നിർദേശിക്കുന്നത്. ലോക്ക് ഡൗൺ നീളുന്നതിനൊപ്പം രാജ്യം ഒരു പരീക്ഷയെ നേരിടുകയാണ്. അതിൽ വിജയിക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയില്ല. അതിനാൽ തന്നെ, നിയന്ത്രണങ്ങൾ പാലിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ കൊവിഡിനെ പ്രതിരോധിക്കുമെന്ന പ്രതീക്ഷ പങ്കുവക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
എന്‍റെ കാഴ്‌ചപ്പാടിൽ ലോക്ക് ഡൗൺ തുടർന്നുകൊണ്ട്, പൊതുജനങ്ങൾ, സംസ്ഥാന സർക്കാരുകൾ, വിവിധ ഏജൻസികൾ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവരെല്ലാം ചേർന്നുള്ള പങ്കാളിത്തത്തിലൂടെ വിജയിക്കാൻ സാധിക്കും. ജനങ്ങളുടെ ജീവനും ജീവിതവും പ്രാധാന്യത്തോടെ പരിഗണിച്ച് സാമ്പത്തിക മേഖല പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇനിയുള്ള ദിവസങ്ങൾ. ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ നൽകിയും ഓറഞ്ച് സോണുകളിൽ അൽപം പരിമിതികളോടും വ്യവസായങ്ങൾ പ്രവർത്തിച്ചുതുടങ്ങും. ഈ സാഹചര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും വ്യവസായ പ്രവർത്തനങ്ങളിലുള്ളവരും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും വെങ്കയ്യ നായിഡു ഫേസ്‌ബുക്കിൽ വിശദീകരിച്ചു. ഇതിനായി, ആദ്യ രണ്ട് ലോക്ക് ഡൗൺ ഘട്ടത്തിലും കൊണ്ടുവന്ന സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, കൂട്ടം കൂടാതിരിക്കുക, ആഘോഷപരിപാടികൾ ഒഴിവാക്കുക എന്നിവ ഇനിയും പാലിക്കണം. നിശ്ചിത വീക്ഷണത്തോടും ദൃഢനിശ്ചയത്തോടും കൂടി ഭാരതം കൊവിഡിനെതിര പോരാടുകയാണ്. രാജ്യത്തെ 130 കോടി ജനങ്ങൾ സാമൂഹിക, സാമ്പത്തിക, പ്രാദേശിക വ്യത്യാസമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഒപ്പമുണ്ട്. കൊവിഡ് ഗുരുതരമായി ബാധിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ കരുതലോടെ ഫലപ്രദമാക്കണമെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെടുന്നു.