ന്യൂഡൽഹി: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിൽ ഉൾപ്പടെ ജെഎൻയു ക്യാമ്പസിൽ സിസിടിവി സ്ഥാപിക്കുന്ന നടപടിയോട് വിദ്യാർഥികൾ സഹകരിക്കണമെന്ന് ജെഎൻയു ഭരണകൂടം. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അനധികൃത പ്രവേശനങ്ങൾ തടയേണ്ടതും ജാഗ്രത പാലിക്കേണ്ടതും അത്യാവശ്യമാണ്. അനാവശ്യമായ ഒത്തുചേരലുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഹോസ്റ്റലുകളുടെ പ്രധാന കവാടം ഉൾപ്പെടെയുള്ള ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതെന്ന് ജെഎൻയു രജിസ്ട്രാർ പ്രമോദ് കുമാർ പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിന് നടപടി അവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹോസ്റ്റൽ ഗേറ്റുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന് പ്രൊവോസ്റ്റ് കമ്മിറ്റികളും ഇന്‍റർ-ഹാൾ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയും മുമ്പ് ശുപാർശ ചെയ്തിരുന്നു. ഹോസ്റ്റലുകളിൽ സിസിടിവി സ്ഥാപിക്കുന്നത് വിദ്യാർഥികളുടെ സ്വകാര്യത അപഹരിക്കുമെന്ന് കാണിച്ച് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ നടപടിയെ എതിർത്തിരുന്നു.