ന്യൂഡല്‍ഹി: രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം മുമ്പുള്ളതിനേക്കാള്‍ വളരെയധികം കുറഞ്ഞതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ലോക്‌സഭയിൽ പറഞ്ഞു. 70,000 ൽ നിന്നും 62,000 ആയാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. കൊവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് ബുധനാഴ്ച ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തോടെ ഇത് 40,000 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 30 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത്. ഇവിടെ ദിനംപ്രതി ശരാശരി 70,000 ല്‍ അധികം യാത്രക്കാരാണ് എത്താറുള്ളത്. കൊവിഡ് 19നെ തുടര്‍ന്നാണ് യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞത്. വിമാനത്താവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി പുരി അറിയിച്ചു. കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഓൾടൂറിസ്റ്റ് വിസ താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.