ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കൊവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത വീഡിയോ വൈറലാകുന്നു. ഏപ്രില്‍ 17നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചൗധരി ബ്രഹ്മ പ്രകാശ് ആയുര്‍വേദ ചരക് സന്‍സ്ഥാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ മതിയായ ആംബുലന്‍സ് സൗകര്യങ്ങളോ പരിശോധന സംവിധാനങ്ങളോ ഇല്ല. സാധാരണ പനിയുമായി വരുന്ന രോഗികള്‍ക്ക് പോലും മരുന്നുകള്‍ നല്‍കുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
ശുചിത്വം പാലിക്കാതെയാണ് രോഗികളെ ചികിത്സിക്കുന്നതെന്നും പരിശോധനക്കെത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്താനും ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ സ്വന്തമായി ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. തന്‍റെ വീട്ടുകാരെ ഇതുവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും. അവസ്ഥ അതി ഗുരുതരമാണെന്നും ജനങ്ങളെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പരിശോധന നടത്തി വേണ്ട നടപടികള്‍ ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.