ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിയിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് പാർട്ടി രംഗത്തെത്തി. ഗാൽവാൻ താഴ്വരയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് പ്രതിപക്ഷം പറഞ്ഞു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച വിഷയത്തിൽ രേഖാമൂലം മറുപടി നൽകി. കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായതായി പറയപ്പെടുന്ന ചൈനയുടെ നുഴഞ്ഞുകയറ്റത്തെ അദ്ദേഹം നിഷേധിച്ചു. കൂടാതെ. ബെയ്ജിങ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വികസന ബാങ്കിൽ നിന്ന് ഇന്ത്യ 9,202 കോടി രൂപയുടെ വായ്പയെടുത്തതായും കേന്ദ്രം പാർലമെന്‍റിനെ അറിയിച്ചു.
വിഷയത്തിൽ നിരവധി ചോദ്യങ്ങളാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ ഉയർന്നത്. പ്രദേശങ്ങളിൽ സാധാരണ നിലയിലുള്ള പെട്രോളിങ് നടത്താൻ കഴിയുമോ? ജൂൺ 19ലെ പ്രധാനമന്ത്രിയുടെ നുണയെ ന്യായീകരിക്കാൻ മുഴുവൻ സർക്കാരും ശ്രമിക്കുകയാണോ? ചൈനയുമായുള്ള ചർച്ച ഫലപ്രദമാകില്ലെന്ന് രക്ഷ മന്ത്രി പറഞ്ഞത് എന്താണ് അർത്ഥമാക്കിയത്? തുടങ്ങി നിരവധി ചോദ്യങ്ങൾ ചൈന- ഇന്ത്യ സംഘർഷവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു.
അതേസമയം മോദി സർക്കാർ ഇന്ത്യയുടെ കൂടെയാണോ അതോ ചൈനീസ് സൈന്യത്തിന്‍റെ കൂടെയാണോയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി ആദ്യം ഇന്ത്യയിലേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പറഞ്ഞു. ശേഷം ചൈനയിൽ നിന്ന് വലിയൊരു തുക കടം വാങ്ങി. പിന്നീട് ചൈന അതിർത്തിയിൽ അതിക്രമം നടത്തുന്നതായി പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രാലയം അത് തിരുത്തി. സത്യത്തിൽ മോദി സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ ചോദിച്ചു.