ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ്. ചൈന ഇന്ത്യക്കുള്ളിലേക്ക് കടന്നുകയറിയിട്ടും മോദി സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും , പ്യോങ്യാങ് തടാകത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈന്യത്തെ എങ്ങനെ തുരത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്‌തു.
മേഖലയില്‍ സംഘര്‍മില്ലെന്നും ഇരുവിഭാഗം സൈനികരും അതിര്‍ത്തി മേഖലകളില്‍ നിന്നും പിന്‍വാങ്ങുകയുമാണെന്നുള്ള സൈനിക മേധാവി എം.എം നരവാനെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സൈനികര്‍ പിന്‍വാങ്ങിയതോടെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുെമന്നും നിലവില്‍ അതിര്‍ത്തിയിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും നരവാനെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ആദ്യ പ്രതികരണമായിരുന്നു ഇത്. ഇന്ത്യക്കാരനെ നേപ്പാള്‍ പൊലീസ് കസ്‌റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവം മോദി സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.