റാഫേല്‍ വിഷയവും, തൊഴിലില്ലായ്മയും നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രചാരണ വിഷയമാക്കാൻ എം.പിമാരോട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നിർദ്ദേശിച്ചു . പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. വേഗത്തിലുളള ലഭ്യതയും, റാഫേലിന്‍റെ വിമാന വിലയുമാണ് മോദി നേട്ടമായി പറഞ്ഞതെങ്കിലും അത് ശരിയല്ലെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍ കരാറിനേക്കാള്‍ മോശമെന്ന് ഏഴംഗ ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിലെ മൂന്ന് പേർ രേഖാമൂലം അറിയിച്ചിരുന്നു. കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുന്‍പെഴുതിയ എട്ട് പേജുള്ള കുറിപ്പിന്‍റെ വിശദാംശങ്ങളായിരുന്നു പുറത്ത് വന്നത്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ റാഫേല്‍ വിഷയത്തിൽ 141 പേജുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാജ്യസഭയില്‍ വെച്ചു. തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ നടപടികള്‍ താൽക്കാലികമായി നിർത്തിവെച്ചു. റിപ്പോര്‍ട്ടില്ലെ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്.