ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി വിലയിരുത്താൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. തോൽവിക്ക് പുറമേ രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. രാഹുല്‍ തിടുക്കപ്പെട്ട് രാജി വയ്ക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ പക്ഷം. ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പുറമേ കര്‍ണാടകയിലെ പ്രതിസന്ധിയും യോഗത്തില്‍ ചര്‍ച്ചയായേക്കും.
രാജസ്ഥാനിലും, മധ്യപ്രദേശിലും നേടിയ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ലോക്സഭയിൽ ആവർത്തിക്കാതെ പോയത് പാർട്ടിക്കുള്ളിലെ തർക്കങ്ങളാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. കൂടുതൽ വർക്കിങ് പ്രസിഡന്‍റുമാരെ നിയോഗിച്ച് ദേശീയ തലത്തിൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. പരാജയകാരണം വിലയിരുത്താൻ പ്രത്യേക സമിതിയും രൂപീകരിച്ചേക്കും.