ഹൈദരാബാദ് : എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കോൺഗ്രസ് തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി . ജനുവരി 22 ന് ഹൈദരാബാദിൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ഒവൈസി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. തിങ്കളാഴ്ച്ച സംഗറെഡ്ഡി ജില്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ തന്‍റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഒവൈസി രംഗത്തെത്തിയിരുന്നു.
''കോൺഗ്രസുകാരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അവർ പണം തരുകയാണെങ്കിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. ഞാൻ കാരണം നിങ്ങൾക്ക് ആ പണം ലഭിക്കും. അവർ എന്തൊക്കെയാണോ തരുന്നത് അതൊക്കെ വാങ്ങിച്ചോളു. പക്ഷെ നിങ്ങൾ എനിക്ക് തന്നെ വോട്ട് രേഖപ്പെടുത്തണം. എന്‍റെ വില 2000 അല്ല, ഞാൻ അതിനെക്കാൾ വിലമതിക്കുന്നതാണ്. അതിനാൽ കോൺഗ്രസ് ജനങ്ങൾക്ക് കൂടുതൽ പണം നൽകണമെന്നും ''ഒവൈസി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.