ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചുള്ള കഥ ബിജെപിയുടെ പ്രചാരണ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ. കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം രാജ്യം കടന്നുപോകുന്ന പ്രതിസന്ധികളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടാണ്. 2024ൽ ഞങ്ങൾ ശക്തരായി ഉയർന്ന് എല്ലാ വിമർശനങ്ങളെയും നിശബ്ദമാക്കുമെന്നും കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ വ്യക്തമാക്കി.
അതേസമയം, പാർട്ടിയുടെ ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടന്ന രാജ്യസഭാ എംപിമാരുടെ യോഗം രൂക്ഷമായ അഭിപ്രായ കൈമാറ്റത്തിലാണ് അവസാനിച്ചത്. യോഗത്തിൽ മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യുകയും ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിയും രാഹുൽ ഗാന്ധിയുടെ യുവ കേഡറിന്‍റെ ഭാഗവുമായ രാജീവ് സതവിന്‍റെ പ്രവർത്തനവും പാർട്ടി അവലോകനം ചെയ്യണമെന്നും നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയെ അടിയന്തിരമായി പാർട്ടി അധ്യക്ഷനായി നിയമിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.