ന്യൂഡൽഹി: 2019-20ൽ കോൺഗ്രസിന് സംഭാവനയായി ലഭിച്ചത് 139 കോടി രൂപ. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി ഫണ്ടിലേക്ക് മൂന്ന് കോടി രൂപയാണ് സംഭാവന നൽകിയത്. ഏറ്റവും കൂടുതൽ രൂപ സംഭാവന ചെയ്‌തതും കപിൽ സിബൽ തന്നെ. 2019-20 കാലയളവിലെ സംഭാവന റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
ഐടിസിയും അനുബന്ധ കമ്പനികളും 19 കോടിയിലധികവും, പ്രുഡന്‍റ് ഇലക്‌ടറൽ ട്രസ്റ്റ് 31 കോടിയും സംഭാവന ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് രാഷ്‌ട്രീയ പാർട്ടികൾ, വ്യക്തികൾ, കമ്പനികൾ, തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ, സംഘടനകൾ എന്നിവർ 20,000 രൂപയ്ക്ക് മുകളിൽ സംഭാവന ചെയ്‌താൽ റിപ്പോർട്ട് നൽകണം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 1,08,000 രൂപയും, രാഹുൽ ഗാന്ധി 54,000 രൂപയും, സോണിയ ഗാന്ധി 2019 ഏപ്രിൽ ഒന്നിനും 2020 മാർച്ച് 31നും ഇടയിൽ 50,000 രൂപയും നൽകി. ആനന്ദ് ശർമ (54,000 രൂപ), ശശി തരൂർ (54,000 രൂപ), ഗുലാം നബി ആസാദ് (54,000 രൂപ), മിലിന്ദ് ദിയോറ (ഒരു ലക്ഷം), രാജ് ബബ്ബാർ (1,08,000 രൂപ) എന്നിങ്ങനെയാണ് സംഭാവന നൽകിയത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, എ.കെ ആന്‍റണി, കുമാരി സെൽജ, അന്തരിച്ച അഹമ്മദ് പട്ടേൽ എന്നിവരും പാർട്ടിക്ക് സംഭാവന നൽകിയിരുന്നു. ബിജെപിയിൽ ചേരാൻ 2020 മാർച്ചിൽ കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ 2019-20 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് 54,000 രൂപ സംഭാവന നൽകിയിരുന്നു. 2020 ഡിസംബറിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയത്. 20,000 രൂപയ്ക്ക് മുകളിൽ സംഭാവന ലഭിച്ചിട്ടില്ലെന്ന് ബഹുജൻ സമാജ് പാർട്ടി തങ്ങളുടെ സംഭാവന റിപ്പോർട്ടിലൂടെ വ്യക്തമാക്കി.