കൊൽക്കത്ത: കൊവിഡ് വർധനവിന്‍റെ പശ്ചാത്തലത്തില്‍ ആഴ്ചയിൽ രണ്ട് ദിവസം സംസ്ഥനത്തൊട്ടാകെ പൂർണ ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ. എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പൂർണ ലോക്ക് ഡൗൺ നടപ്പാക്കുമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ പറഞ്ഞു. നിലവിൽ കണ്ടെയിൻമെന്‍റ് സോണുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ജൂലൈ 31 വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റ്മാർ, പൊലീസ് സൂപ്രണ്ടുമാർ, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉന്നതർക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന അടുത്ത യോഗത്തിന് ശേഷം പ്രതിവാര ലോക്ക് ഡൗൺ സംബന്ധിച്ച അടുത്ത പ്രവർത്തന പദ്ധതി സ്വീകരിക്കുമെന്നും ബന്ദിയോപാധ്യായ പറഞ്ഞു. സംസ്ഥാനത്തെ 63 പുതിയ മേഖലകളെ 'ബ്രോഡ് ബേസ്ഡ്' കണ്ടെയിൻമെന്‍റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ ആകെ കണ്ടെയിൻമെന്‍റ് സോണുകളുടെ എണ്ണം 739 ആയി. ബ്രോഡ് ബേസ്ഡ് കണ്ടെയിൻമെന്‍റ് സോണുകളുടെ എണ്ണം 32 ആയി ഉയർന്നു.