ന്യൂഡൽഹി: രാജ്യത്ത് പല ഭാഗങ്ങളിലും സമൂഹവ്യാപനം നടന്നതായി വിദഗ്ദർ. എയിംസിലെ ഡോക്ടർമാരും ഐസിഎംആർ ഗവേഷകരും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,394 ആയി. രാജ്യത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 1,90,535 ആയി ഉയർന്നിട്ടും രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച ലോകത്തെ ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (ഐപിഎച്ച്എ), ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്‍റീവ് ആൻഡ് സോഷ്യൽ മെഡിസിൻ (ഐഎപിഎസ്എം), ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജിസ്റ്റ് (ഐഎഇ) എന്നിവരടങ്ങിയ വിദഗ്ധർ സമാഹരിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
മാർച്ച് 25 മുതൽ മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മികച്ച മുന്നേറ്റമായിരുന്നെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കർശനമായ ലോക്ക് ഡൗണിനിടയിലും കൊവിഡ് കേസുകൾ ഗണ്യമായി വർധിച്ചു. മാർച്ച് 25 ന് റിപ്പോർട്ട് ചെയ്തിരുന്ന 606 കേസുകളിൽ നിന്ന് മെയ് 24 ന് 138,845 ആയി കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നു. പകർച്ചവ്യാധിയെ നേരിടാൻ തീരുമാനമെടുക്കുമ്പോൾ എപ്പിഡെമിയോളജിസ്റ്റുകളെ സമീപിച്ചിട്ടില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.